ഫൊന്‍സേകയുടെ ഓഫീസില്‍ ലങ്കന്‍ സേനയുടെ റെയ്ഡ്

കൊളംബോ| WEBDUNIA| Last Modified വെള്ളി, 29 ജനുവരി 2010 (19:51 IST)
PRO
പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മഹീന്ദ രജപക്സയുടെ എതിരാളിയായിരുന്നു മുന്‍ സൈനിക മേധാവി ശരത് ഫൊന്‍സേകയുടെ ഓഫീസില്‍ ലങ്കന്‍ സേനയുടെ റെയ്ഡ്. നൂറോളം ഭടന്‍‌മാരുടെ കാവലിലായിരുന്നു ശ്രീലങ്കയുടെ പ്രത്യേക ദൌത്യസംഘം ഓഫീസില്‍ റെയ്ഡ് നടത്തിയത്.

റെയ്ഡ് എന്തിനെന്ന് അറിയില്ലെന്നും ഓഫീസിലെ ജോലിക്കാരെ റെയ്ഡിനിടെ ചോദ്യം ചെയ്തതായും ഫൊന്‍സെകയുമായി അടുപ്പമുള്ള ഒരു വ്യക്തി വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. ഭടന്‍‌മാര്‍ ഓഫീസിലേക്ക് പാഞ്ഞുകയറി രേഖകള്‍ പരിശോധിക്കുകയായിരുന്നു. റെയ്ഡിന്‍റെ സമയത്ത് ഓഫീസ് ഇവര്‍ വളയുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരെയും ഓഫീസ് അങ്കണത്തില്‍ പ്രവേശിപ്പിച്ചില്ല.

പ്രസിഡന്‍റ് മഹീന്ദ രജപക്സയെയും കുടുംബത്തെയും വധിക്കാന്‍ ഫൊന്‍സെക ശ്രമിച്ചതായി സര്‍ക്കാര്‍ ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. കൊളംബോയിലെ ഹോട്ടലുകളില്‍ ഫൊന്‍സേക ഗൂഡാലോചന നടത്തിയതിന്‍റെ തെളിവുകള്‍ക്കായിട്ടായിരുന്നു പരിശോധനയെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

സൈന്യത്തില്‍ നിന്നും ഒളിച്ചോടിയ ഒമ്പത് പേര്‍ ഈ ഗൂഡാലോചനയില്‍ പങ്കാളികളാണെന്നും ഇവരെ ഹോട്ടലിന് പുറത്തുനിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായും ലങ്കന്‍ പ്രതിരോധമന്ത്രാലയം വിശദീകരിച്ചു. എന്നാല്‍ ഫൊന്‍സേക നേരത്തെ ഇക്കാര്യം നിഷേധിച്ചിരുന്നു. തന്നെ അറസ്റ്റ് ചെയ്യാനുള്ള കാരണമുണ്ടാക്കാനാണ് ഇത്തരം ആരോപണങ്ങളെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

വോട്ടെണ്ണല്‍ നടന്ന ദിവസം ഫൊന്‍സേക തങ്ങിയിരുന്ന ഹോട്ടല്‍ സൈന്യം വളഞ്ഞിരുന്നു. സൈന്യത്തില്‍ നിന്നും ഒളിച്ചോടിയ നൂറോളം പേര്‍ ഫൊന്‍സേകയ്ക്കൊപ്പം ഹോട്ടലിലുണ്ടെന്നും ഇവര്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഫൊന്‍സേകയ്ക്ക് അനുവദിച്ചിരുന്ന സുരക്ഷയും സര്‍ക്കാര്‍ പിന്‍‌വലിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :