പാകിസ്ഥാന്‍ അടുത്ത ഈജിപ്‌തെന്ന് ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
അറബ് രാജ്യങ്ങളില്‍ ഉടലെടുത്ത ജനകീയ പ്രക്ഷോഭങ്ങള്‍ ജനാധിപത്യത്തെ ഹനിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും പാഠമാവണമെന്ന് മുന്‍ പാകിസ്ഥന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍. തന്റെ രാജ്യത്തും ഇത്തരം പ്രക്ഷോഭങ്ങള്‍ ഉടലെടുത്തേക്കുമെന്ന് വിശ്വസിക്കുന്നതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ന് രാജ്യത്തിന്റെ അവസ്ഥ അതാണ്. ഒരേ സമയം തന്നെ നല്ലതും ചീത്തയുമായ കാലത്തില്‍ കൂടിയാണ് പാകിസ്ഥാന്‍ ഇപ്പോള്‍ കടന്നുപോകുന്നത്.

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു സുപ്രീംകോടതി ഇവിടെയുണ്ട്. തെരുവുകളില്‍ കലാപം നടത്തിയാണ് അത് നേടിയെടുത്തത്. ശക്തരായ മാധ്യമങ്ങളാണ് ഇവിടെയുള്ളത്. രാഷ്‌ട്രീയ പ്രബുദ്ധതയുള്ള ജനങ്ങളുമുണ്ട്. എന്നാല്‍ പാവകളിക്കുന്ന ഒരു സര്‍ക്കാരാണ് ഇപ്പോഴുള്ളത്. മറ്റാര്‍ക്കോ വേണ്ടി യുദ്ധം ചെയ്യുന്ന അവര്‍ സ്വന്തം ജനങ്ങളെ ബോബെറിഞ്ഞ് കൊല്ലുന്നു. സൈനിക നടപടികളാണ് പാകിസ്ഥാനി-താലിബാന്‍ പോരാളികളെ സൃഷ്‌ടിച്ചതെന്നും ഇമ്രാന്‍ കുറ്റപ്പെടുത്തി.

രാജ്യത്ത് ഒരു ജനകീയപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടാല്‍ തന്റെ പാര്‍ട്ടി ഒപ്പം നില്‍ക്കുമെന്നും ഇമ്രാന്‍ വ്യക്തമാക്കി. 1996ലാണ് പാകിസ്ഥാന്‍ തെഹ്‌രീക്-ഈ-ഇന്‍സാഫ് (പി ടി ഐ) എന്ന പാര്‍ട്ടി ഇമ്രാന്‍ രൂപീകരിച്ചത്. 14 വര്‍ഷം പ്രായമായ തന്റെ പാര്‍ട്ടിയില്‍ യുവാക്കളാണ് കൂടുതലെന്നും ഇമ്രാന്‍ പറഞ്ഞു.

2013ലാണ് പാകിസ്ഥാനില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇന്ത്യയും പാകിസ്ഥാനും തനിക്ക് ഒരുപോലെയാണെന്നും കശ്മീര്‍ പ്രശ്നത്തിന് രാഷ്‌ട്രീയപരമായ പരിഹാരമാണ് കാണേണ്ടതെന്നു ഇമ്രാന്‍ പറഞ്ഞു. സൈനിക നടപടി ഒന്നിനും ഒരു പരിഹാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :