ഈജിപ്തില്‍ നിന്ന് ഇന്ത്യക്കാര്‍ മടങ്ങുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഹോസ്നി മുബാറക്കിന്റെ ഭരണത്തിനെതിരെ കലാപം പുകയുന്ന ഈജിപ്തില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നു. ഈജിപ്തില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി സര്‍ക്കാര്‍ പ്രത്യക വിമാനം അയച്ചു. കലാപബാധിത രാജ്യത്തു നിന്ന് മുന്നൂറോളം ഇന്ത്യക്കാര്‍ ഇന്ന് നാട്ടില്‍ മടങ്ങിയെത്തും.

ഈജിപ്തില്‍ 3,600 ഇന്ത്യക്കാരാണ് താമസിക്കുന്നത്. ഇതില്‍, 2,000 പേര്‍ തലസ്ഥാനമായ കെയ്‌റോയിലാണ്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി കൂടുതല്‍ വിമാനങ്ങള്‍ ഈജിപ്തിലേക്ക് അയയ്ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈജ്പിതില്‍ കലാപം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ പ്രസിഡന്റ് ഹോസ്നി മുബാറക്കിന് ഭരണത്തിലുള്ള പിടി അയഞ്ഞതായാണ് സൂചന. കലാപത്തില്‍, ഇതിനോടകം 150 ആളുകളിലധികം കൊല്ലപ്പെട്ടു.

സൈനികരില്‍ ഒരു വിഭാഗം കലാപം അടിച്ചമര്‍ത്താന്‍ വിസമ്മതിച്ചതോടെ കലാപകാരികള്‍ക്ക് പിന്തുണ വര്‍ദ്ധിച്ചു. തലസ്ഥാനമായ കെയ്‌റോയ്ക്ക് അടുത്തുള്ള എല്‍ എഫൂം ജയിലിലെ ഉന്നതാദ്യോഗസ്ഥനെ വധിച്ച് അയ്യായിരത്തോളം തടവുകാര്‍ ഇപ്പോള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. അതേസമയം, കലാപ വാര്‍ത്തകള്‍ പുറം‌ലോകം അറിയാതിരിക്കാന്‍ അല്‍-ജസീറ ടിവി ചാനലിന് ഹോസ്നി മുബാറക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :