rahul balan|
Last Modified ശനി, 5 മാര്‍ച്ച് 2016 (11:23 IST)
ഗൂഗിള്‍ ഹാക്കുചെയ്യുമെന്ന ഭീഷണിയുമായി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സൈബര്‍ വിഭാഗം. കഴിഞ്ഞ ആഴ്ച ഫെയിസ്ബുക്ക് സ്ഥാപകനായ മാര്‍ക് സുക്കര്‍ബര്‍ഗിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഐ എസിന് വേണ്ടി വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതടക്കം സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്ന സൈബര്‍ കാലിഫേറ്റ് ആര്‍മിയാണ് സെര്‍ച്ച് എന്ജിന് ഭീമനായ ഗൂഗിളിനെ ഹാക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍ ഭീഷണി വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഗൂഗിള്‍ ഹാക്ക് ചെയ്യാന്‍ ഇവര്‍ക്കായില്ല. മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം വഴിയായിരുന്നു ഐ എസ് ഹാക്കിംഗ് സംഘം ഭീഷണി സന്ദേശം അയച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രാദേശീക സ്ഥാപനങ്ങള്‍ക്ക് സെര്‍ച്ച് എന്ജിന് ഒപ്റ്റിമൈസേഷന്‍ വിവരങ്ങള്‍ നല്കുന്ന ഒരു ഇന്ത്യന്‍ സ്ഥാപനത്തിന്റെ വെബ്സൈറ്റ് ഐ എസ് ഹാക്ക് ചെയ്തതായി കണ്ടെത്തി.
എന്നാല്‍ കുറച്ചു സമയങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റൊരു ഹാക്കിങ്ങ് സംഘം ഈ സൈറ്റ് വീണ്ടും ഹാക്ക് ചെയ്ത് ഐ എസ് വിരുദ്ധ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു.