അമേരിക്കയില്‍ ഗുരുദ്വാരയില്‍ ആറ് പേരെ വെടിവച്ചുകൊന്ന മൈക്കേല്‍ പേജിന്റെ മുന്‍ കാമുകിയെ അറസ്റ്റ് ചെയ്തു. മിസ്റ്റി എം കുക്ക് ആണ് അറസ്റ്റിലായത്. ആയുധങ്ങള്‍ കൈവശം വച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.
മിസ്റ്റി എം കുക്കിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ പൊലീസ് തോക്ക് കണ്ടെടുത്തിരുന്നു. എന്നാല്‍ ഇവര്‍ നിയമവിധേയമായാണോ ആയുധങ്ങള്‍ കൈവശം വച്ചിരിക്കുന്നത് എന്ന് വ്യക്തമായിട്ടില്ല. ഗുരുദ്വാര സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. നഴ്സിംഗ് വിദ്യാര്‍ഥിനിയാണ് ഇവര്‍.
മുന്‍ അമേരിക്കന്‍ പട്ടാളക്കാരന് കൂടിയായ പേജ് ഞാറയാഴ്ചയാണ് ഓക്ക്രീക്കിലെ ഗുരുദ്വാരയില്‍ വെടിവയ്പ്പ് നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇയാള്‍ ഗുരുദ്വാരയ്ക്ക് പുറത്തുവച്ച് മരിച്ചിരുന്നു. ഇയാളുടെ തോളില്‍ 9/11 എന്ന് പച്ചകുത്തിയിരുന്നു. വംശീയവിദ്വേഷ പ്രചാരണപരിപാടികളില്‍ സജീവ പങ്കാളിയായിരുന്നു ഇയാള്‍ എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.