ക്രിക്കറ്റ് ടീമിനുനേരെ ആക്രമണം: മുഖ്യപ്രതി പിടിയില്‍

ലാഹോര്‍| WEBDUNIA| Last Modified ചൊവ്വ, 30 നവം‌ബര്‍ 2010 (17:14 IST)
ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ 2009ല്‍ നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്തു. കേസിലെ മുഖ്യപ്രതിയായ ഖാറി അബ്‌ദുള്‍ വഹാബാണ് പിടിയിലായത്. ലാഹോറില്‍ വീണ്ടും ഭീകരാക്രമണം നടത്താനായി എത്തുമ്പോഴാണ് അറസ്റ്റ് നടന്നത്.

2009 മാര്‍ച്ചില്‍ ലിബര്‍ട്ടി മാര്‍ക്കറ്റിലുണ്ടായ ആക്രമണത്തില്‍ ശ്രീലങ്കന്‍ ടീമിലെ ആറു കളിക്കാര്‍ക്ക്‌ പരുക്കേല്‍ക്കുകയും ആറു പൊലീസുകാര്‍ മരിക്കുകയും ചെയ്‌തിരുന്നു. തിലന്‍ സമരവീര, തരംഗ പരണവിതന, ചാമിന്ദ വാസ്‌, മഹേല ജയവര്‍ദ്ധന, കുമാര്‍ സംഗക്കാര, അജന്താ മെന്‍ഡീസ്‌ എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവര്‍ സഞ്ചരിച്ച ബസ്‌ ഗദ്ദാഫി സ്‌റ്റേഡിയത്തിലേക്ക്‌ പ്രവേശിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്‌.

പിടിയിലായ അബ്ദുള്‍ വഹാബിന് ഫര്‍ഖാന്‍, ഉമര്‍, ബെഹ്‌റാം, ഉമര്‍ ദരസ്‌ എന്നീ പേരുകളുമുണ്ട്‌. ദേരാ ഇസ്‌മയില്‍ ഖാന്‍ സംഘത്തിലെ അംഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണുകളും ലക്ഷക്കണക്കിന് രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :