ഒബാമ ഞായറാഴ്ച രാവിലെ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി| Joys Joy| Last Modified ശനി, 24 ജനുവരി 2015 (10:51 IST)
രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഞായറാഴ്ച രാവിലെ ഇന്ത്യയിലെത്തും. ഇന്ന് വൈകുന്നേരം ഒബാമ വാഷിംഗ്‌ടണില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിക്കും. വാഷിംഗ്‌ടണിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലായിരിക്കും ഒബാമ ഇന്ത്യയില്‍ എത്തുക.

ഇത് ആദ്യമായാണ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് എത്തുന്നത്. ഒബാമയ്ക്കൊപ്പം ഭാര്യ മിഷേലും യു എസ് പ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് കക്ഷി നേതാവ് നാന്‍സി പെലോസി ഉള്‍പ്പടെയുള്ള സാമാജികരും മന്ത്രിസഭാംഗങ്ങളും ബിസിനസ് രംഗത്തുനിന്നുള്ള പ്രമുഖരുമടക്കം വന്‍ സംഘമാണ് എത്തുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രേ മോഡിയും രാഷ്‌ട്രപതി ഭവനില്‍ ഒബാമയെ ഔപചാരികമായി സ്വീകരിക്കും. 12.40ന് രാജ്ഘട്ടില്‍ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ എത്തുന്ന ഒബാമ അവിടെ വൃക്ഷത്തൈ നടും.

ഹൈദരാബാദ് ഹൗസില്‍ ഉച്ചഭക്ഷണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ലഘുസംഭാഷണം. 4.10ന് സംയുക്തപ്രസ്താവന. രാത്രി 07.50 ന് ഒബാമ രാഷ്‌ട്രപതിഭവനില്‍ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. ജനുവരി 27ന് സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ രാവിലെ നടത്തുന്ന പ്രസംഗത്തിനു ശേഷം താജ്മഹല്‍ സന്ദര്‍ശിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :