ഇറാനെ ഉപരോധിക്കാന്‍ പിന്തുണ തേടി യുഎസ്

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ശനി, 3 ഏപ്രില്‍ 2010 (09:12 IST)
PRO
ലോകരാജ്യങ്ങളുടെ വിലക്കുകള്‍ മുഖവിലയ്ക്ക് എടുക്കാതെ സ്വന്തം ആണവ പരിപാടികളുമായി മുന്നോട്ട് പോവുന്ന ഇറാനെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ ഒബാമ ഭരണകൂടം ഉള്‍പ്പെടെയുള്ള ഉയര്‍ന്നുവരുന്ന ലോക ശക്തികളുടെ പിന്തുണ തേടി.

ഇറാനെതിരെ നടപടി കൈക്കൊള്ളുവാന്‍ എല്ലാ രാജ്യങ്ങളുടെയും, പ്രത്യേകിച്ച് ഉയര്‍ന്നുവരുന്ന ലോകശക്തികളുടെ, പിന്തുണ പ്രതീക്ഷിക്കുന്നു എന്ന് യുഎസ് വിദേശകാര്യ ഉപസെക്രട്ടറി പി ജെ ക്രോവ്‌ലി മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. ഇറാനെതിരെ ശക്തമായ ഉപരോധ നടപടികള്‍ സ്വീകരിക്കാന്‍ യുഎന്‍ സുരക്ഷാസമിതിയിലൂടെയുള്ള നീക്കങ്ങള്‍ ശക്തമാക്കിയതിനു പിന്നാലെയാണ് ലോക രാജ്യങ്ങളുടെ പിന്തുണയും തേടിയിരിക്കുന്നത്.

ഇറാനെതിരെയുള്ള നടപടികളില്‍ യുഎന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ പിന്തുണയും യുഎസ് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയില്‍ നിന്ന് പാകിസ്ഥാനും ഇന്ത്യയും പിന്‍‌മാറണമെന്നും കഴിഞ്ഞ ദിവസം യുഎസ് ആവശ്യപ്പെട്ടിരുന്നു.

വാതക പൈപ്പ്‌ലൈന്‍ സംബന്ധിച്ച കരാറില്‍ പാകിസ്ഥാനും ഇറാനും കഴിഞ്ഞ ആഴ്ചയാണ് ഒപ്പ് വച്ചത്. പദ്ധതിയില്‍ നിന്ന് ഇപ്പോള്‍ വിട്ടു നില്‍ക്കുന്ന ഇന്ത്യയ്ക്ക് ആവശ്യമായ പിന്തുണ നല്‍കാമെന്ന് പാകിസ്ഥാന്‍ വാഗ്ദാനം ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :