വിമാനമിറക്കാന്‍ അനുമതിയായി, യമനില്‍ നിന്ന് രക്ഷപ്രവര്‍ത്തനം വേഗത്തിലായി

സനാ| VISHNU N L| Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (13:18 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നീക്കം ശക്തമായി. ദിവസവും മൂന്നു മണിക്കൂര്‍ വിമാനം പറത്തുന്നതിന് യെമന്‍ ഭരണകൂടം അനുമതി നല്‍കിയതോടെയാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലായത്. എയര്‍ വിമാനങ്ങള്‍ക്ക് നേരത്തെ പറക്കല്‍ അനുമതി ലഭിക്കാതിരുന്നതിനാല്‍ മസ്കറ്റില്‍ വിമാനങ്ങള്‍ ദിവസങ്ങളായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. നാലുവിമാനങ്ങളാണ് ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ഒമാനില്‍ എത്തിയിരിക്കുന്നത്.

ഒരുവിമാനത്തില്‍ 182 പേരെയാണ് കൊണ്ടുവരാന്‍ സാധിക്കുന്നത്. ഇന്ത്യാക്കാരോട് വിമാനത്താവളത്തിലെത്താന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.കെ.സിങ് ഇന്ന് യെമന്റെ അയല്‍രാജ്യമായ ജിബൂട്ടിയില്‍ എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സിങ്ങിന്റെ ഇടപെടലാണ് വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ കാരണം.

അതേസമയം, കൊച്ചിയില്‍ നിന്നുള്ള രണ്ടു കപ്പലുകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നയച്ച നാലു കപ്പലുകള്‍ കൂടി ശനിയാഴ്ച ഏഡനിലെത്തും. യുദ്ധക്കപ്പലുകളായ ഐ.എന്‍.എസ് തര്‍ക്കാഷ്, കൊച്ചയില്‍ നിന്ന് പുറപ്പെട്ട കവരത്തി, കോറല്‍ എന്നീ കപ്പലുകളാണ് ശനിയാഴ്ച ഏഡനിലെത്തുക. ഇതോടെ പരമാവധി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :