കടലിനേക്കാള്‍ കൂടുതല്‍ വെള്ളം കരയിലുണ്ട്!!!

ഓഹിയോ| VISHNU.NL| Last Modified വ്യാഴം, 18 ഡിസം‌ബര്‍ 2014 (14:47 IST)
ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗവും വെള്ളമാണെന്നും വെറും ഒരുഭാഗം മത്രമേയുള്ളു എന്നുമാണ് നമ്മള്‍ പഠിച്ചിരിക്കുന്നത്. എന്നാല്‍ കടലിനേക്കാള്‍ കൂടുതല്‍ വെള്ളാം കരയിലുണ്ടെന്ന് പറഞ്ഞാലോ? ഞെട്ടാന്‍ വരട്ടെ കാര്യമായിട്ടാണ്. സമുദ്രത്തിലുള്ളതിനേക്കാള്‍ ജലം ഭൂമിയിലെ വമ്പന്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലാണെന്നാണ് പുതിയ കണ്ടെത്തല്‍. ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പുറകില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂമിയിലെ പാറകള്‍ക്കടിയില്‍ ജലമുണ്ടായിരുന്നുവെന്നും ഫലകചലനത്തിന്റെ ഫലമായി അവയില്‍ കുറച്ച് മാത്രം ഇപ്പോള്‍ ഉപരിതലത്തിലെത്തില്‍ എത്തിയിരിക്കുകയുമാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ജലമാണ് സമുദ്രങ്ങളെ നിറച്ചതെന്നും അവര്‍ സമര്‍ത്ഥിക്കുന്നു. മനുഷ്യ നേത്രം ഒറ്റ നോട്ടത്തില്‍ വരണ്ടാണിരിക്കുന്നതെങ്കിലും അതില്‍ നനവുണ്ട് എന്നതുപോലെയാണിത് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

പാറകളിലെ പ്രകൃതിദത്തമായ വിടവുകളില്‍ ഹൈഡ്രജന്‍ ആറ്റങ്ങളുടെ രൂപത്തിലും ജലം നിലകൊള്ളുന്നുണ്ടത്രെ. പാറകളിലെ ധാതുക്കളില്‍ ഓക്‌സിജന്‍ ധാരാളമായുണ്ട്. ഒരു ധാതുവില്‍ ധാരാളം ഹൈഡ്രജനുമുണ്ടെങ്കില്‍ അത് ഓക്‌സിജനുമായി ചേര്‍ന്ന് ജലമുണ്ടാകാന്‍ വഴിയൊരുക്കുമെന്നും പുതിയ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. അതായത് ഭൂമിയിലെ ജലം പുറത്ത് നിന്ന് വന്നതല്ല എന്നാണ് പഠനം സര്‍ഥിക്കുന്നത്.

നേരത്തെ യൂറോപ്യന്‍ യൂണിയന്റെ റോസറ്റ പേടകവും വാല്‍നക്ഷത്രത്തിലെ ജലവും ഭൂമിയിലെ ജലവും തമ്മില്‍ സാമ്യമില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഭൗമികമായ പ്രവര്‍ത്തനങ്ങള്‍ മൂലമാണോ അതല്ല സൗരയൂഥത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്ന് വന്ന ഹിമ ഉല്‍ക്കയാണോ ഇവിടെ ജലമെത്തിച്ചത് എന്നത് തീര്‍പ്പാക്കാനായിട്ടില്ല എന്ന് ഗവേഷകര്‍ തന്നെ സമ്മതിക്കുന്നുണ്ട്. രണ്ടു സാധ്യതകള്‍ക്കും പ്രസക്തിയുണ്ടെന്നാണ് ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. തങ്ങള്‍ ഇതു സംബന്ധിച്ച് തയ്യാറാക്കിയ പഠനം ഇന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് നടക്കുന്ന അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയനില്‍ ഗവേഷകര്‍ അവതരിപ്പിക്കുന്നുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :