മ്യാന്മറില്‍ പൊതുതെരഞ്ഞെടുപ്പ് നവംബറില്‍

യാങ്കോൺ| VISHNU N L| Last Modified വ്യാഴം, 9 ജൂലൈ 2015 (14:52 IST)
ഇരുപത്തിയഞ്ചു വർഷത്തിനു ശേഷം സമ്പൂര്‍ണ ജനാധിപത്യത്തിലേക്ക് നീങ്ങുന്ന മ്യാന്മര്‍ പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്നു. 1990ൽ നടന്ന തിരഞ്ഞെടുപ്പിനു ശേഷം ഇപ്പോഴാണ് രാജ്യത്ത് വീണ്ടും തെര്‍ഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ എട്ടിനാണ് തിരഞ്ഞെടുപ്പ് നടത്തുകയെന്ന് അധികൃതർ വ്യക്തമാക്കി. പൂർണ ജനാധിപത്യത്തിലേക്ക് നീങ്ങുന്ന രാജ്യത്തെ സംബന്ധിച്ച് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിർണായകമാണ്.

2010ഓടെ സൈനിക ഭരണത്തിന് പകരം സൈനിക പിന്തുണയുള്ള സിവിലിയൻ സർക്കാർ നിലവിൽ വന്നിരുന്നു. യുഎസ്ഡിപി പാര്‍ട്ടിയാണ് അന്നുതൊട്ട് ഭരണം നടത്തുന്നത്. പ്രതിപക്ഷമായ ആങ് സാൻ സൂക്കിയുടെ നാഷണൽ ലീഗ് ഫോർ ഡമോക്രസിയാണ് മുഖ്യ എതിരാളികള്‍. 1990ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആങ് സാൻ സൂക്കിക്കായിരുന്നു സമ്പൂർണ വിജയം. എന്നാല്‍ പട്ടാളം ഭരണം അട്ടിമറിക്കുകയായിരുന്നു.

തുടര്‍ന്ന് 2010ല്‍ തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നതിനാല്‍ നാഷണൽ ലീഗ് ഫോർ ഡമോക്രസി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഒരു ഡസനോളം മറ്റു പാർട്ടികളും രംഗത്തുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടതായി ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :