ജനങ്ങളുടെ ഹൃദയബന്ധത്തിന് ദൂരം തടസമല്ലെന്ന് പ്രധാനമന്ത്രി

ഉലാൻബാതർ| VISHNU N L| Last Modified ഞായര്‍, 17 മെയ് 2015 (15:56 IST)
ജനങ്ങളുടെ ഹൃദയബന്ധത്തിന് ദൂരം തടസമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മംഗോളിയൻ സന്ദർശനത്തിനിടെ പാർലമെന്റിനെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്. നൂറ്റിയിരുപത്തഞ്ച് കോടി ജനതയുടെ ആത്മീയ സൗഹൃദവുമായാണ് താനിവിടെ എത്തിയിരിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി നൽകിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞു.

യു എന്നിലും മറ്റ് അന്താരാഷ്ട്ര വേദികളിലും മംഗോളിയ
ഇന്ത്യയോടൊപ്പം നിൽക്കുന്നത് മോഡി നന്ദിയോടെ സ്മരിച്ചു. ഇന്ത്യയും മംഗോളിയും തമ്മിലുള്ള ബന്ധം മാനവികതയുടെ അടയാളമായി മാറുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. മംഗോളിയയിലെ എബി വാജ്പേയിയുടെ പേരിലുള്ള വിവര വിനിമയ സാങ്കേതിക കേന്ദ്രത്തിന്റെ നവീകരണത്തിന് തറക്കല്ലിടുന്നതായി പ്രഖ്യാപിച്ച പ്രധാനമന്ത്രി അർബുദ ചികിത്സയ്ക്കായുള്ള ആധുനിക ഉപകരണമായ ഭാഭാട്രോണും മംഗോളിയയ്ക്ക് സമ്മാനിച്ചു . കൂടാതെ ഒരു ബില്യൺ ഡോളറിന്റെ വായ്പാ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട് .

അതിർത്തി സുരക്ഷയിലും സൈബർ സുരക്ഷയിലും ഭാരതം മംഗോളിയയുമായി കൂടുതൽ സഹകരിക്കും . ഇതിന്റെ ഭാഗമായി സംയുക്ത സൈനികാഭ്യാസം നടത്തുമെന്നും മോഡി പ്രഖ്യാപിച്ചു. ഏഷ്യ പസഫിക് മേഖലയെ സുരക്ഷിതമാക്കാൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :