ലണ്ടണ്‍|
VISHNU N L|
Last Modified ശനി, 11 ജൂലൈ 2015 (14:55 IST)
കലാപ കലുഷിതമായ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹം യൂറോപ്യന്‍ രാജ്യങ്ങളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സിറിയ, യെമൻ, ഇറാഖ്, പലസ്‌തീൻ, ലിബിയ എന്നിവിടങ്ങളിൽനിന്നുള്ള അഭയാർഥികളാണ് യൂറോപ്പിലേക്ക് കുടിയേറുന്നത്. ഇത് ഈ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ ആഘാതം ഏല്‍പ്പിക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
ലബനൻ, ജോർദാൻ, തുർക്കി, ഇറാഖ്, ഈജിപ്‌ത് എന്നിവിടങ്ങളിൽ 32 ലക്ഷം സിറിയൻ കുട്ടികൾ ഉള്ളതായാണു യുഎൻഎച്ച്‌സിആർ റിപ്പോർട്ട്. ഇവരെ സ്വീകരിക്കുന്ന രാജ്യങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഇതുമൂലം ഉണ്ടാകുന്നത്. കൂടാതെ അഭയാര്‍ഥികളില്‍ ഭൂരിഭാഗവും സ്ത്രീകളാമ്ണെന്നതും പ്രശ്നങ്ങള്‍ വഷളാക്കുന്നു. യുദ്ധത്തെക്കാളും രോഗത്തെക്കാളും അതിസങ്കീർണമായ സ്‌ഥിതിവിശേഷമാണിതെന്നു യുഎൻ ചൂണ്ടിക്കാട്ടുന്നു.
അഭയാര്‍ഥികളക്കായി രാജ്യത്തിന്റെ പൊതുപണം വിനിയോഗിക്കപ്പെടേണ്ടിവരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അഭയാര്‍ഥിപ്രശ്നത്തില്‍ യുഎന്നും നിസഹായരാണ്. പണത്തിന്റെ അപര്യാപ്തതയാണ് ഇവരേയും വലയ്ക്കുന്നത്. പണത്തിന്റെ അപര്യാപ്‌തതമൂലം വിവിധ മേഖലകളിലേക്കുള്ള സഹായപദ്ധതികൾ യുഎൻ വെട്ടിച്ചുരുക്കുകയാണ്. പ്രശ്നബാധിത രാജ്യങ്ങളില്‍ സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയവ നിറഞ്ഞുകവിഞ്ഞു. തൊഴിൽരഹിതരുടെ എണ്ണം കൂടിവരുന്നു. ജോലിയുള്ളവരുടെയാകട്ടെ ശമ്പളം വെട്ടിച്ചുരുക്കുന്നു. വിലക്കയറ്റം രൂക്ഷമാകുന്നുവെന്നതാണു മറ്റൊരു വെല്ലുവിളി. ഒരു രാജ്യത്തെ കലാപവും മറ്റു പ്രശ്‌നങ്ങളും ഇതരരാജ്യങ്ങളെയും ബാധിക്കുന്നു.
സിറിയയിൽനിന്നു മാത്രം ഇതുവരെ 40 ലക്ഷംപേർ പലായനം ചെയ്‌തതായി യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മിഷണർ ഫോർ റഫ്യൂജീസ് (യുഎൻഎച്ച്‌സിആർ) വ്യക്‌തമാക്കി. ഈ നിലയ്‌ക്കു പോയാൽ ഈ വർഷം അവസാനം ആകുമ്പോഴേക്കും ഇതു 42.7 ലക്ഷമായി ഉയരും. ഒരു രാജ്യത്തുനിന്നു മാത്രം ഇത്രമാത്രം അഭയാർഥികൾ ഉണ്ടാകുന്നതു സാഹചര്യങ്ങളുടെ ഭീകരത വ്യക്‌തമാക്കുന്നു. 76 ലക്ഷം പേർക്ക് എല്ലാം നഷ്‌ടപ്പെട്ടു. കഴിഞ്ഞ നാലു വർഷത്തിനിടെ ലബനൻ, ജോർദാൻ, ഇറാഖ്, ഈജിപ്‌ത്, തുർക്കി എന്നിവിടങ്ങളിൽ 18 ലക്ഷത്തിലേറെ സിറിയക്കാർ എത്തിയതായാണു കണക്ക്. 2.7 ലക്ഷം സിറിയക്കാർ യൂറോപ്പിൽ രാഷ്‌ട്രീയാഭയം തേടാൻ അനുമതി കാത്തിരിക്കുന്നു.