മൈക്കിള്‍ ജാക്സന് 56മത് ജന്മദിനം; 'മായാത്ത ഓര്‍മ്മകള്‍ ഇനിയും'

 മൈക്കിള്‍ ജാക്സന്‍ , പോപ്പ് സംഗീതം, അമേരിക്ക
അമേരിക്ക| jibin| Last Modified വെള്ളി, 29 ഓഗസ്റ്റ് 2014 (16:46 IST)
അലയടിക്കുന്ന മാസ്മരിക പോപ്പ് സംഗീതത്തിന്റെ രാജാവ് മൈക്കിള്‍ ജാക്സന് ഇന്ന് 56മത് ജന്മദിനം. സംഗീത ലോകത്തെ മാറ്റിമറിച്ച് പോപ്പ് സംഗീതത്തിന് ലോകം മുഴുവന്‍ ആരാധകരെ സമ്മാനിക്കുകയും. സംഗീതത്തെ സ്നേഹിക്കുന്നവരുടെയും ഡാന്‍സിനെ മനസില്‍ താലോലിക്കുകയും ചെയ്യുന്ന ഏവരുടെയും പ്രീയപ്പെട്ട മൈക്കിള്‍ ജാക്സന്‍.

പോപ്പ് സംഗീതത്തോടൊപ്പം തന്നെ കണ്ണഞ്ചിപ്പിക്കുന്ന ഡാന്‍സിലെ സ്‌റ്റെപ്പുകളും ലോകത്തിന് പകര്‍ന്ന് നല്‍കിയ മൈക്കിള്‍ ഇന്നും ആരാധകരുടെ മനസിലെ മായാത്ത ഓര്‍മ്മയാണ്. 1958 ല്‍ അമേരിക്കയിലെ ഇന്ത്യാനയില്‍ ജോസഫ് വാള്‍ട്ടര്‍ ജോ ജാക്സന്റെയും കാഥറീന്‍ എസ്തറിന്റെയും എട്ടാമത്തെ പുത്രനായാണ് അദ്ദേഹം ജനിച്ചത്. സ്കൂളില്‍ പോകുന്ന കാലത്തും വളര്‍ച്ചയുടെ ഓരോ നാളുകളിലും സ്വന്തം പിതാവില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന കൊടിയ മാനസിക-ശാരീരിക പീഡനങ്ങളെയും അതിജീവിച്ചാണ് അദ്ദേഹം ലോകത്തിന്റെ നെറുകയില്‍ എത്തിച്ചേര്‍ന്നത്.

1965ല്‍ ഏഴാം വയസില്‍ അച്ഛന്‍ തുടങ്ങിയ ജാക്സണ്‍ 5 എന്ന സംഗീത ബാന്‍ഡില്‍ അംഗമായിക്കൊണ്ടായിരുന്നു മൈക്കിള്‍ സംഗീത ലോകത്തേക്ക് ആദ്യ ചുവട് വെച്ചത്. ജാക്സണ്‍ 5 ബാന്‍ഡിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ മൈക്കിളിനെ അമേരിക്കയിലെ സംഗീത ലോകത്തെ അറിയപ്പെടുന്ന ആളാക്കി. അമേരിക്കയിലെ സകല പ്രവശ്യകളിലും മൈക്കിളിന്റെ ബാന്‍ഡ് തരംഗമായി തീര്‍ന്നു.

1970കള്‍ മുതലാണ് സ്വതന്ത്ര ഗായകനായി ജാക്സണ്‍ അറിയപ്പെട്ടു തുടങ്ങി. ഇതോടെ പോപ്പ് സംഗീത ലോകത്തെ മുടിചൂടാ മന്നനായി കഴിഞ്ഞിരുന്നു അദ്ദേഹം. അവിടുന്ന് അങ്ങോട്ട് പോപ്പ് സംഗീതത്തെ വഴി തിരിച്ചു വിടുന്ന പ്രകടനങ്ങളാണ് അമേരിക്കയില്‍ കണ്ടത്. ബീറ്റ് ഇറ്റ്, ബില്ലി ജീന്‍ എന്നീ ഗാനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ചതോടെ ജാക്സന്‍ പോപ്പ് സംഗീതത്തിന്റെ രാജാവായ് തീരാന്‍ അധികം താമസമുണ്ടായില്ല.

പോപ്പ് സംഗീതത്തില്‍ വ്യത്യസ്ഥത കൊണ്ടുവന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല ജാക്സ്ന്റ ജീവിതം. തന്റെ ഡാന്‍സ് തന്നെ ലോക പ്രശസ്തനാക്കുമെന്ന് അദ്ദേഹം സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഏറെ പ്രയാസമുള്ള നൃത്ത ചുടവുകള്‍ അദ്ദേഹം അനായാസമായി അവതരിപ്പിച്ചു. റോബോട്ട്, മൂണ്‍വാക്ക് തുടങ്ങിയ നൃത്തശൈലികള്‍ ഇദ്ദേഹത്തെ ഡാന്‍സ് പ്രേമികളുടെ ആരാധന പാത്രമാക്കി മാറ്റിയത്. പോപ്പ് സംഗീതത്തെ ഇഷ്ട്പ്പെടാതിരുന്നവര്‍ പോലും സംഗീതത്തെ ഇഷ്ട്പ്പെടുന്ന തരത്തിലുള്ളതായിരുന്നു ഡാന്‍സിലുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍.

1982 ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ എന്ന ആല്‍ബം ലോകത്തില്‍ ഏറ്റവുമധികം വിറ്റഴി ക്കപ്പെട്ട ആല്‍ബങ്ങളില്‍ ഒന്നാണ്. റോക്ക് ആന്‍ഡ് റോള്‍ ഹോള്‍ ഓഫ് ഫെയിമിലേക്ക് രണ്ടു പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില സംഗീതജ്ഞരില്‍ ഒരാളാണ് മൈക്കിള്‍ ജാക്സണ്‍. പോപ്പിന്റെയും റോക്ക് ആന്‍ഡ് റോളിന്റേയും ലോകത്തുനിന്ന് ഡാന്‍സ് ഹോള്‍ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരേ ഒരു വ്യക്തിയും മൈക്കിള്‍ ജാക്സണ്‍ തന്നെ. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍, 13 ഗ്രാമി പുരസ്കാര ങ്ങള്‍, 26 അമേരിക്കന്‍ മ്യൂസിക്ക് പുരസ്കാരങ്ങള്‍, 86 ബില്‍ബോര്‍ഡ് പുരസ്കാരങ്ങള്‍. 38 വേള്‍ഡ് മ്യൂസിക്ക് പുരസ്കാരങ്ങള്‍ എന്നിവ മൈക്കിള്‍ ജാക്സണ്‍ എന്ന അതുല്യ പ്രതിഭയെ തേടി എത്തിയിട്ടുണ്ട്.

2009 ജൂണ്‍ 25ന് തന്റെ അമ്പതാം വയസില്‍ ദിസ് ഈസ് ഇറ്റ് എന്ന ആല്‍ബത്തിന്റെ പണിപ്പുരയിലായിരുന്ന സമയത്താണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം അന്തരിക്കുന്നത്. മരണ ശേഷവും ലോകമാകെയുള്ള ആരാധകരുടെ സ്വപ്നങ്ങളിലും ജീവിതങ്ങളിലും പോപ്പ് സംഗീതത്തിന്റെ രാജാവ് ഇപ്പോഴും ജീവിക്കുകയാണ്. മങ്ങലേല്‍പ്പിച്ചിട്ടില്ല എന്നത് മണ്‍മറഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തോടുള്ള ജനകോടികളുടെ ആരാധന സാക്ഷ്യപ്പെടുത്തുന്നു. മരിച്ചാലും മറക്കാന്‍ കഴിയാത്ത ഒരുപിടി ഗാനങ്ങള്‍ പോപ്പ് ലോകത്തിന് സമ്മാനിച്ച ആ അനശ്വര പ്രതിഭ മണ്‍മറഞ്ഞത് പോപ്പ് ലോകത്തിന്റെ തീരാ നഷ്ടമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :