അമേരിക്കന്‍ ഒ‌എസ്സുകള്‍ക്ക് ചൈനീസ് ബദല്‍!

ബീജിംഗ്‌| VISHNU.NL| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (14:05 IST)
ലോകത്തുള്ള സകലമാന സാധനങ്ങള്‍ക്കും ഡുപ്ലീക്കേറ്റ് ഉണ്ടാക്കുന്നതില്‍ വിരുതന്മാരാണ് ചൈനക്കാരെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത്തരത്തിലൊരു ചതി തരുമെന്ന് അമേരിക്കന്‍ കമ്പനികള്‍ സ്വപ്നത്തി പോലും കരുതിയിട്ടുണ്ടാവുകയില്ല. മറ്റൊന്നുമല്ല. മൈക്രോസോഫ്റ്റും ആപ്പിള്‍മെല്ലം അവരുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ കൊണ്ട് സോഫ്റ്റ്വയര്‍ രംഗത്ത് അതികായന്മാരായി നില്‍ക്കുന്നത് കുറച്ചുനാളായി ചൈനക്ക് സുഖിക്കുന്നില്ല.

നാളുകുറേയായി ഇവര്‍ക്കിട്ട് എങ്ങനെ പണികൊടുക്കാമെന്നാണ് ചൈന ആലോചിച്ചുകൊണ്ടിരുന്നത്. ഏതായാലും ചൈന അവരുടെ സോഫ്റ്റ്വയര്‍ എഞ്ചിനീയര്‍മാരേക്കൊണ്ട് ഗമണ്ടന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചിരിക്കുകയാണിപ്പോള്‍. തനി മെയ്ഡ് ഇന്‍ ചൈന. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്, ആപ്പിളിന്റെ മാക് ഒഎസ് എക്‌സ്, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് - അമേരിക്കന്‍ കമ്പനികളുടെ ഈ ഒഎസുകള്‍ക്ക് പകരം വയ്ക്കാന്‍ ഇനി ചൈനീസ് ഒഎസ്സും മത്സരിക്കാനുണ്ടാകും.

ആദ്യം ഡെസ്‌ക്‌ടോപ്പുകള്‍ക്കും ക്രമേണ മൊബൈലുകളിലേക്കും എത്തിക്കാനുദ്ദേശിച്ച് ചൈന രൂപംനല്‍കുന്ന ഓപ്പറേറ്റിങ് സിസ്റ്റം, 2014 ഒക്ടോബറോടെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇറക്കുമതി ചെയ്യുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്മേലുള്ള ആശ്രിതത്വം ഇല്ലാതാക്കുകയാണ് ചൈനയുടെ ഉദ്ദേശം.

വിന്‍ഡോസ് 8 ന് കഴിഞ്ഞ മെയ് മാസത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ചൈന വിലക്കേര്‍പ്പെടുത്തിയത്, മൈക്രോസോഫ്റ്റിന് വലിയ പ്രഹരമായിരുന്നു. അതിന് പിന്നാലെയാണ് ചൈനയുടെ സ്വന്തം ഒഎസ് വരുന്നതായുള്ള വാര്‍ത്ത.

ആന്‍ഡ്രോയ്ഡ് ഒഎസ് മുഖേന ചൈനയുടെ സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ ഗൂഗിളിന് വലിയ നിയന്ത്രണമുള്ളതായി കഴിഞ്ഞ മാര്‍ച്ചില്‍ ചൈന ചൂണ്ടിക്കാട്ടിയിരുന്നു. തദ്ദേശീയമായ കമ്പനികള്‍ക്ക് വളര്‍ന്നുവരാന്‍ ആന്‍ഡ്രോയ്ഡ് തടസ്സമാകുന്നതായും വിലയിരുത്തലുണ്ടായി.

എന്നാല്‍ നിലവില്‍ ചില ചൈനീസ് ഒഎസുകളുണ്ടെങ്കിലും അവയ്ക്ക് അത്ര സ്വാധീനമില്ല. പുതിയ ഒഎസിന്റെ സഹായത്തോടെ, രണ്ടുവര്‍ഷത്തിനകം വിദേശ ഡെസ്‌ക്‌ടോപ്പ് ഒഎസുകളുടെ ഉപയോഗം രാജ്യത്ത് പരിമിതപ്പെടുത്താന്‍ കഴിയുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :