ബ്രസ്സല്‍സ്|
VISHNU N L|
Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (15:55 IST)
ഇസ്‌ളാമിക് സ്‌റ്റേറ്റ്
ഭീകരര്‍ തങ്ങളുടെ സംഘടനയിലേക്ക് ആളെകൂട്ടാനായി പെണ്ണും പണവും ഒഴുക്കുന്നു. വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൌരന്മാരെ ഇന്റെര്‍നെറ്റില്‍ കൂടീയും സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ കൂടിയും ഐഎസുമായി ബന്ധപ്പെടുന്നത് തടഞ്ഞതൊടെയാണ് ഭീകരര്‍ അടവ് മാറ്റിച്ചവിട്ടി യുവാക്കളെ പ്രലോഭിപ്പിക്കുന്നത്. പണവും പെണ്ണും ഒഴുക്കി സംഘടന യൂറോപ്പിലെയും ഏഷ്യയിലേയും യുവാക്കളെ വശീകരിക്കുകയാണ് എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഐക്യരാഷ്ട്ര സംഘടന തന്നെയാണ്.
ഐഎസ് തങ്ങളുടെ തീവ്രവാദികള്‍ക്ക് 10,000 ഡോളര്‍ (6 ലക്ഷം രൂപയോളം) ആണ് ശമ്പളമായി നല്‍കുന്നത്. അതിനിടെ തീവ്രവാദികളുടെ യൂറോപ്പിലെ കേന്ദ്രം ബെല്‍ജിയമാണെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. അടുത്തിടെ ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ ബല്‍ജിയന്‍ ജിഹാദികളുടെ സോഷ്യല്‍ മീഡിയ, സുഹൃത്തുക്കളും വീട്ടുകാരും ഉള്‍പ്പെടുന്ന ഇന്‍ഫോമല്‍ നെറ്റ് വര്‍ക്ക് എന്നിവ പരിശോധിച്ച യുഎന്‍ ഗ്രൂപ്പ് ഇറാഖിലും സിറിയയിലും പോരാടുന്ന 500 ലധികം വിദേശ തീവ്രവാദികള്‍ ബല്‍ജിയത്തില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ പോരാട്ടത്തില്‍ മുറിവേല്‍ക്കുന്നവരെ സേവിക്കാനും സംരക്ഷിക്കാനും ജിഹാദികളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് അനേകം ബല്‍ജിയന്‍ യുവതികളും സിറിയയിലേക്ക് പോയിട്ടുണ്ട്. ഇവരുടെ പ്രായം ശരാശരി 23 വയസ്സാണ്. അതേസമയം ഈ കണക്കുകളില്‍ മൂന്ന് വര്‍ഷമായി മാസം 10 എന്ന കണക്കില്‍ കുറഞ്ഞിട്ടുണ്ട്. അതേസമയം ഐഎസ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യ വ്യോമാക്രമണം കടുപ്പിച്ചതും ആയുധപ്പുരകള്‍ നശിച്ചുപോയതും മൂലം ഇറാഖിലും സിറിയയിലും ആക്രമണം നടത്താന്‍ ഐഎസിന് ഭീമമായ പണം ചെലവഴിക്കേണ്ടിവന്നതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. സാമ്പത്തിക പ്രതിസന്ധി കടുത്തതൊടെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തേണ്ട എന്നാണ് ഐഎസ് തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവര്‍ത്തന മേഖല വടക്കന്‍ ആഫ്രിക്കയിലേക്കു വ്യാപിപ്പിക്കാനുള്ള നീക്കം നിര്‍ത്തിവയ്‌ക്കാനും ഐഎസ് തീരുമാനിച്ചതായി സൂചനയുണ്ട്. ബാങ്കുകളും, സാമ്പത്തിക സ്ഥാപനങ്ങളും കടകളും കൊള്ളയടിക്കുന്നതിനു പുറമെ പിടിച്ചെടുത്ത എണ്ണപ്പാടങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കച്ചവടവുമാണ് ഐഎസിന്റെ സാമ്പത്തിക സ്രോതസ്.