സ്വീഡന്‍ ഇനി പണമില്ലാത്ത രാജ്യം, അഴിമതിയും കള്ളപ്പണവും ഇനി ഓര്‍മ്മകളില്‍ മാത്രം!

VISHNU N L| Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (15:11 IST)
ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ നിയന്ത്രിക്കുന്നത് ആ രാജ്യത്തിന്റെ സ്വന്തം കറന്‍സിയുറ്ടെ മൂല്ല്യമാണല്ലോ. എന്നാല്‍ ഒരു രാജ്യത്ത് നിന്ന് കറന്‍സി എന്നത് വെറും സങ്കല്‍പ്പമായി മാറിയാലോ? അതായത് കറന്‍സി നോട്ടുകളും നാണയങ്ങളും പൂര്‍ണമായും അപ്രത്യക്ഷമായാലോ? ഭാവിയില്‍ അങ്ങനെ സംഭവിച്ചേക്കാമെന്ന് നിങ്ങള്‍ പറയും. എന്നാല്‍ ലോകത്തില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായ സ്വീഡന്‍ പൂര്‍ണമായും ഇലക്ട്രോണിക് കറന്‍സിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു.

ചെറിയ ഇടപാടുകള്‍ക്ക് പോലും ഇനി രാജ്യത്ത് കാര്‍ഡുകളാണ് ഉപയോഗിക്കുക. സ്വീഡനിൽ കറൻസികൾകൊണ്ട നിർവഹിക്കാവുന്ന കാര്യങ്ങൾ വളരെക്കുറവാണ്. അതുതന്നെ പല മേഖലകളിൽനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. 80 ബില്യൺ സ്വീഡിഷ് ക്രൗണിന് തുല്യമായ കറൻസി നോട്ടുകൾ മാത്രമാണ് ഇപ്പോൾ സ്വീഡനിൽ പ്രചാരത്തിലുള്ളത്. ഏറ്റവും ചെറിയ കാര്യങ്ങൾക്കുപോലും കാർഡുകളുപയോഗിക്കുന്ന രാജ്യമാണ് സ്വീഡൻ. അഴിമതി കുറവാണെങ്കിലും മറ്റുതരത്തിലുള്ള കുറ്റകൃത്യങ്ങളും തീവ്രവാദവും നേരിടാൻ കറൻസികൾ പിൻവലിക്കുന്നത് സഹായകമാകുമെന്ന് അധികൃതർ കരുതുന്നു.

വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം പൂർണമായും വിനിയോഗിച്ച് രാജ്യത്തെ കറൻസിരഹിതമാക്കുകയെന്ന ലക്ഷ്യമാണ് സ്വീഡൻ മുന്നിൽക്കാണുന്നത്. മൊബൈൽ പേമെന്റ് സംവിധാനമായ സ്വിഷ് ആണ് ഇപ്പോൾത്തന്നെ സ്വീഡനിൽ കൂടുതൽ പേരും ആശ്രയിക്കുന്നത്. പണമിടപാട് അനായാസം നടത്താൻ സഹായിക്കുന്ന സംവിധാനമാണിത്. മുഴുവൻ കരാര്യങ്ങളും ഈ രീതിയിലേക്ക് വരികയാണെങ്കിൽ കറൻസികൾ പൂർണമായും പിൻവലിക്കാനാകുമെന്നാണ് സ്വീഡന്‍ കരുതുന്നത്. പല പ്രാദേശിക ബാങ്കുകളും ഇപ്പോൾത്തന്നെ പൂർണമായും ഡിജിറ്റൽ ആയിക്കഴിഞ്ഞു. ഇവിടെ പണം സ്വീകരിക്കാറുമില്ല.

ആറുവർഷം മുമ്പ് 106 ബില്യൺ സ്വീഡിഷ് ക്രൗൺ പ്രചാരത്തിലുണ്ടായിരുന്നെങ്കിൽ, ഇപ്പോഴത് 80 ബില്യണായി. ഇതിൽത്തന്നെ 40 ശതമാനത്തോളം മാത്രമാണ് വിപണിയിൽ പ്രചരിക്കുന്നത്. ഏതാനും വർഷം കൊണ്ടുതന്നെ ഇതും അപ്രത്യക്ഷമാകുമെന്നാണ് വിലയിരുത്തല്‍. അപ്പോഴേക്കും ലോകത്തില്‍ ആദ്യത്തെ കറന്‍സിയില്ലാത്ത രാജ്യം എന്ന പദവി സ്വീഡന് കൈവരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :