അമര്‍ അക്ബര്‍ അന്തോണി - ഒരു അടിപൊളി എന്‍റര്‍ടെയ്നര്‍

Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (18:21 IST)
അമര്‍ അക്ബര്‍ അന്തോണി. ഈ ടൈറ്റിലില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഒരു ‘മൊയ്തീന്‍’ അല്ല. ഒരു അടിപൊളി എന്‍റര്‍ടെയ്നര്‍ തന്നെയാണ്. അതുതന്നെയാണ് നാദിര്‍ഷ തന്‍റെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നതും. സമീപകാലത്ത് മലയാള സിനിമയില്‍ ഉണ്ടായ ഫെസ്റ്റിവല്‍ മൂഡിലുള്ള ഏറ്റവും രസകരമായ കുടുംബചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. ദിലീപിന് നന്ദി പറഞ്ഞ് ആരംഭിക്കുന്ന ആദ്യപകുതി ആര്‍ത്തുചിരിക്കാന്‍ വക നല്‍കുന്നു എങ്കില്‍ രണ്ടാം പകുതി അല്‍പ്പം സീരിയസും സന്ദേശം നല്‍കുന്നതുമാണ്. മാത്രമല്ല, മൂന്ന് നായകന്‍‌മാരുടെയും മാസ് അവതാരവും രണ്ടാം പകുതിയുടെ പ്രത്യേകതയാണ്.
 
പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രങ്ങള്‍ ഈ സിനിമയെ ചുമലിലെടുത്ത് യാത്രചെയ്യുകയാണെന്നുപറയാം. ഈ മൂന്ന് താരങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ ജീവന്‍. ഇവരുടെ കോമഡി വണ്‍‌ലൈനറുകള്‍ തിയേറ്ററില്‍ ചിരിയുടെ പൂരമാണ് സൃഷ്ടിക്കുന്നത്. "എന്‍റെ പൊന്നമ്മച്ചീ... എനിക്ക് ഇംഗ്ലീഷില്‍ ഒരുവാക്കുപോലും അറിയില്ല. അതൊക്കെ ഈ നാട്ടുകാരു വെറുതെ പറയുന്നതാ” - എന്ന ഡയലോഗൊക്കെ തിയേറ്റര്‍ ഇളക്കിമറിച്ചു.
 
മൂന്നുനായകന്‍‌മാരില്‍ സ്കോര്‍ ചെയ്യുന്നത് ഇന്ദ്രജിത്താണെന്ന് നിസംശയം പറയാം. എന്നാല്‍ ക്ലൈമാക്സിനോടടുക്കുമ്പോള്‍ പൃഥ്വിരാജ് കളം നിറയുന്നു. പൃഥ്വിക്ക് ഏറെക്കാലത്തിന് ശേഷമാണ് നല്ലൊരു കോമഡിക്കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്. മൂന്നുപേര്‍ക്കും തുല്യ പ്രാധാന്യമുണ്ട്. അക്‍ബര്‍ എന്ന വികലാംഗനായ കഥാപാത്രത്തെ ഗംഭീരമാക്കി. നായികാ കഥാപാത്രമായ ജെനി(നമിത)യ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. ക്ലൈമാക്സിലെ ആക്ഷന്‍ സീന്‍ ഒന്നാന്തരമാണ്.  
 
കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
ഈ സിനിമയിലെ താരം പക്ഷേ പൃഥ്വിയോ, ഇന്ദ്രനോ ജയനോ അല്ല. നാദിര്‍ഷയാണ് താരം. വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം തന്‍റെ ആദ്യചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞുള്ള ട്രീറ്റുമെന്‍റ് ആണ് ചിത്രത്തിന്. ഓരോ പതിനഞ്ചുമിനിറ്റിലും പ്രേക്ഷകരെ കൈയടിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളെല്ലാം ചിത്രത്തില്‍ നിറയ്ക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നു. 
 
കെ പി എ സി ലളിത, സ്രിന്ദ, പാഷാണം ഷാജി, പ്രദീപ് കോട്ടയം, സിദ്ദിക്ക്, ശശി കലിംഗ തുടങ്ങിയവരും മികച്ച പ്രകടനമാണ് നടത്തുന്നത്. ദൃശ്യത്തിന് ശേഷം പ്രേക്ഷകരെ കൈയിലെടുക്കുന്ന പ്രകടനമാണ് ഷാജോണ്‍ ഈ ചിത്രത്തില്‍ നടത്തുന്നത്.
 
സുജിത് വാസുദേവാണ് അമര്‍ അക്ബര്‍ അന്തോണിയുടെ ഛായാഗ്രഹണം. കൊച്ചിയുടെ സൌന്ദര്യത്തികവാര്‍ന്ന ഫ്രെയിമുകള്‍ ഈ സിനിമയ്ക്ക് നല്‍കുന്ന ചാരുത ഏറെയാണ്. ജോണ്‍ കുട്ടിയുടെ എഡിറ്റിംഗ് സിനിമയെ കൂടുതല്‍ ഷാര്‍പ്പാക്കുന്നു.
 
യുവത്വത്തിന്‍റെ പ്രസരിപ്പുനിറഞ്ഞ ഗാനങ്ങളാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. നാദിര്‍ഷ തന്നെയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബിജിപാലിന്‍റെ പശ്ചാത്തല സംഗീതം കഥാഗതിയോട് ചേര്‍ന്നുപോകുന്നതാണ്. നല്ല കോമഡിച്ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യപൂര്‍വം കാണാവുന്ന സൂപ്പര്‍ എന്‍റര്‍ടെയ്നറാണ് അമര്‍ അക്ബര്‍ അന്തോണി.
 
റേറ്റിംഗ്: 3.5/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :