അഭയാര്‍ഥികള്‍ ശത്രുക്കളല്ല, അമേരിക്ക തെറ്റുകള്‍ ആവര്‍ത്തിക്കരുത്: മാര്‍പാപ്പ

 ഫ്രാന്‍സിസ് മാര്‍പാപ്പ , അഭയാര്‍ഥി പ്രശ്‌നം , അമേരിക്ക , യൂറോപ്യന്‍ യൂണിയന്‍
ന്യൂയോര്‍ക്ക്| jibin| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (08:34 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ, ഇറാഖ്, ലിബിയ എന്നിവടങ്ങള്‍ നിന്നെത്തുന്ന അഭയാര്‍ഥികളെ സ്വീകരിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ താല്‍പ്പര്യം കാണിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അഭയാര്‍ഥി വിഷയത്തില്‍ തെറ്റുകള്‍ ആവര്‍ത്തിക്കരുത്, അഭയാര്‍ഥി വിഷയത്തില്‍ അമേരിക്ക തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യവേ മാര്‍പാപ്പ
പറഞ്ഞു.

ലാറ്റിനമേരിക്കയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കൊപ്പം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെയും സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാകണം. ഈ വിഷയത്തില്‍ രാഷ്ട്ര നേതാക്കള്‍ നീതിപൂര്‍വമായ ഇടപെടല്‍ നടത്തണം. അഭയാര്‍ഥി വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സ്വന്തന്ത്രമായി ചിന്തിക്കണം. യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ഥികളോടുള്ള ശത്രുതാ മനോഭാവം അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.

വധശിക്ഷ എത്രയും വേഗം നിര്‍ത്തലാക്കണം. മനുഷ്യ ജീവന്‍ ഏറെ വിലപ്പെട്ടതാണെന്ന് എല്ലാവരും മനസിലാക്കണം. മതമൌലിക വാദത്തിനെതിരെ രാഷ്ട്രങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കാലാവസ്‌ഥാ വ്യതിയാനം, ദാരിദ്ര്യം, സാമ്പത്തിക അസമത്വം, വധശിക്ഷ, കുടിയേറ്റ നിയമ നവീകരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ അമേരിക്കയ്‌ക്ക് പലതും ചെയ്യാന്‍ സാധിക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. ഇതാദ്യമായാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുഎസ് കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തിനെ അഭിസംബോധന ചെയ്യുന്നത്.

ക്യൂബന്‍ പര്യടനത്തിനു ശേഷം ചൊവ്വാഴ്ച വൈകുന്നേരം ആന്‍ഡ്രൂസ് വ്യോമസേനാ താവളത്തില്‍ വിമാനമിറങ്ങിയ മാര്‍പാപ്പയെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് സ്വീകരിച്ചത്. കാത്തുനിന്ന ജനങ്ങളെ മാര്‍പാപ്പ അഭിവാദ്യം ചെയ്‌തപ്പോള്‍ ഒബാമയും ഒപ്പംനിന്നു. ആഡംബരവാഹനത്തിനു പകരം ഒരു ചെറിയ കറുത്ത ഫിയറ്റിലാണ്‌ മാര്‍പാപ്പ വിമാനത്താവളത്തില്‍നിന്നു പുറത്തേക്കു പോയത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :