മോഡി യുഎസിലെത്തി; ഒബാമയെ കാണും; ഷെരീഫുമായി ചര്‍ച്ചയില്ല

നരേന്ദ്ര മോഡി , അമേരിക്ക , നവാസ് ഷെരീഫ് , ബരാക് ഒബാമ , അമേരിക്കന്‍ സന്ദര്‍ശനം
ന്യൂയോര്‍ക്ക്| jibin| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (09:08 IST)
ഒരു ദിവസത്തെ അയര്‍ലന്‍ഡ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലെത്തി. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മോഡി വിമാനമിറങ്ങിയത്. ആറ് ദിവസം നീണ്ടു
നില്‍ക്കുന്ന യുഎസ് സന്ദര്‍ശനത്തിലെ പ്രധാന ഭാഗമായ ഐക്യരാഷ്ട്ര സഭയുടെ സസ്റ്റെയ്നബിള്‍ ഡെവലപ്മെന്റ് ഉച്ചകോടിയില്‍ നാളെ പ്രധാനമന്ത്രി സംസാരിക്കും. 28നാണ് യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ച.

അതേസമയം, പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ മോഡി യുഎസില്‍ വച്ച് നടത്തില്ലെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎന്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുവാന്‍ ഇരുവരും യുഎസില്‍ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടില്ല. ഇരുവരും തമ്മില്‍ ഹസ്തദാനം നടത്തുകയാണെങ്കില്‍ അത് എല്ലാവര്‍ക്കും കാണാമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനു മുമ്പ് മോഡി സിലിക്കണ്‍ വാലി സന്ദര്‍ശിക്കും. ഇന്ത്യയിലെയും യുഎസിലെയും കമ്പനി സിഇഒമാര്‍ പങ്കെടുക്കുന്ന സിഇഒ ഫോറത്തിന്റെ സമാപന സെഷനില്‍ മോഡി പങ്കെടുക്കും. 500ഓളം വരുന്ന കമ്പനി സിഇഒമാര്‍ക്ക് പ്രധാനമന്ത്രി അത്താഴ വിരുന്നും ഒരുക്കും. കൂടാതെ മോഡി ഫേസ്‌ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ആപ്പിള്‍ സിഇഓ ടിം കുക്ക്, ഗൂഗിള്‍ സുന്ദര്‍ പിച്ചെയ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. 28ന് ന്യൂയോര്‍ക്കില്‍ മടങ്ങിയെത്തുന്ന പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുമായി ചര്‍ച്ച നടത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :