ഭൂചലനം, മരണം നൂറു കടന്നു, പാകിസ്ഥാനില്‍ മാത്രം 130 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

ഇസ്ലാമാബാദ്| VISHNU N L| Last Updated: തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (19:30 IST)
അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖല പ്രഭവകേന്ദ്രമായി ഉണ്ടായ ഭൂചലനത്തില്‍ പാക്സ്ഥാനില്‍ എട്ടു കുട്ടികളടക്കം 130 പേര്‍ മരിച്ചു. പെഷവാറില്‍ മാത്രം നൂറിലധികം പേര്‍ക്കു പരിക്കേറ്റു. അഫ്ഗാനിസ്താനില്‍ 18 പേരുടെ മരണം രേഖപ്പെടുത്തി. കുലുങ്ങുന്ന കെട്ടിടത്തില്‍നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഫ്ഗാനില്‍ 12 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ചു.

പാക്കിസ്ഥാനിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, പെഷവാര്‍, ക്വറ്റ എന്നിവിടങ്ങളിലെല്ലാം ഭൂമി കുലുങ്ങി. അതേസമയം, ഭൂചലനത്തിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത് സ്വാത്ത് മേഖലയിലാണ്. ഇവിടെ മരണസംഖ്യ മുപ്പതായി.പെഷവാറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയതായാണ് പാക് ഭൗമ പഠനകേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഭൂചലനത്തെ തുടര്‍ന്ന് പെഷാവാറില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് ജാം മേഖലയ്ക്ക് 45 കിലോമീറ്റര്‍ തെക്കുമാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 196 കിലോ മീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

വടക്കന്‍ പാകിസ്ഥാനിലെ സ്വാത് താഴ് വര ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ 14 പേര്‍ മരിച്ചതായി ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സ്വാത് കൂടാതെ ബജൗര്‍, കല്ലര്‍ കഹാര്‍, സര്‍ഗോധ, കസൂര്‍ തുടങ്ങിയ മേഖലകളിലും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വാതില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്.

ബജൗര്‍ ഗോത്ര മേഖലയില്‍ നാല് പേര്‍ മരിച്ചതായും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായതായും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കല്ലര്‍ കഹാറിലും കസൂറിലും ഒരാള്‍ വീതവും മരിച്ചതായാണ് വിവരം. കറാച്ചി, ലാഹോര്‍, ഇസ് ലാമാബാദ്, റാവല്‍പിണ്ടി, പെഷവാര്‍, ക്വറ്റ, കൊഹാത്, മലാകണ്ഡ് തുടങ്ങിയ ഇടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. ഇസ്്‌ലാമാബാദില്‍ ആശയവിനിമയത്തിനും തടസം നേരിട്ടു. ഒരു മിനിറ്റില്‍ അധികം നീണ്ടു നിന്ന പ്രകമ്പനമാണ് ഉണ്ടായത്.

പെഷവാറില്‍ നിരവധി കെട്ടികള്‍ തകര്‍ന്നാതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പെഷവാറില്‍ മാത്രം നൂറിലധികം പേര്‍ക്കു പരിക്കേറ്റു. ഇന്ത്യ, പാകിസ്താന്‍, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. അഫ്ഗാനിലെ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ താരതമ്യേന കുറഞ്ഞ ചലനമാണ് ഉണ്ടായത്. പാകിസ്ഥാന്റെ പല ഭാഗങ്ങളിലും ശക്തമായ ചലനം ഉണ്ടായിട്ടുണ്ട്.

ഇന്ത്യയില്‍ ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ശ്രീനഗറില്‍ റോഡുകള്‍ തകര്‍ന്നു. ഭൂചലനത്തെ തുടര്‍ന്ന്‌ ഡല്‍ഹിയില്‍ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ജമ്മു കശ്‌മീരിലെ വൈദ്യുതബന്ധം വിച്‌ഛേദിക്കപ്പെട്ടു. ഇടവിട്ട്‌ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. പരിഭ്രാന്തരായ ജനങ്ങള്‍ ഓഫിസുകളില്‍ നിന്നും ഇറങ്ങിയോടി. ഇവര്‍ തുറസായ സ്‌ഥലങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

കശ്മീരിലേക്ക് ദുരന്ത നിവാരണ സേന എത്തിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ സജ്ജമായിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ തുടര്‍ ചലനത്തിന് സാധ്യത ഉണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ കര, നാവിക്, വ്യോമ സേനകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമീപകാലത്തുണ്ടായ ഏറ്റവും ശക്‌തമായ ഭൂചലനമാണ്‌ അനുഭവപ്പെട്ടിരിക്കുന്നത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. അതേസമയം, ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ഭൗമ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സഹായം നല്‍കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കി. ​


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :