വീണ്ടും വിമാന ദുരന്തം; 162 പേരുമായി എയര്‍ ഏഷ്യ വിമാനം കാണാതായി

ജക്കാര്‍ത്ത| Last Modified ഞായര്‍, 28 ഡിസം‌ബര്‍ 2014 (11:17 IST)
ഇന്തോനേഷ്യയില്‍നിന്ന് 162 പേരുമായി പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം കാണാതായി. സിംഗപ്പൂരിലേക്കു പുറപ്പെട്ട QZ 8501 വിമാനമാണ് കാണാതായത്. ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്ന് പുറപ്പെട്ട വിമാനം സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ കാലത്ത് എട്ടരയ്ക്ക് എത്തേണ്ടതായിരുന്നു.
യാത്രക്കാരും ജീവനക്കാരുമായി 162 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

കാലത്ത് 7.10 നാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. വിമാനം കാണാതായതായി എയര്‍ ഏഷ്യ അധികൃതര്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. വിമാനത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും എയര്‍ ഏഷ്യ അറിയിച്ചു. യാത്രക്കാരില്‍ ഇന്ത്യാകാരില്ലെന്നാണ് വിമാന കമ്പനി അറിയിച്ചിരിക്കുന്നത്.

അതേ സമയം വിമാനത്തില്‍ 18 കുട്ടികള്‍ ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കാണാതാകുന്നതിനു തൊട്ടുമുന്‍പ് വഴിമാറിപ്പോകാന്‍ വിമാനം അനുവാദം തേടിയിരുന്നു. എന്നാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അനുവാദം നല്‍കിയില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിനായി സിംഗപ്പൂര്‍ നാവിക സേനയും വ്യോമസേനയും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :