ബാഗ്ദാദിൽ വീണ്ടും റോക്കറ്റ് ആക്രമണം; യുഎസ് എംബസിക്ക് സമീപം മൂന്ന് റോക്കറ്റുകൾ പതിച്ചു

ആളപായം സംബന്ധിച്ച്‌ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമില്ല.

റെയ്‌നാ തോമസ്| Last Updated: ചൊവ്വ, 21 ജനുവരി 2020 (11:12 IST)
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ യുഎസ് എംബസി പ്രവര്‍ത്തിക്കുന്ന അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിനു സമീപം മൂന്നു റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ആളപായം സംബന്ധിച്ച്‌ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമില്ല.

റോക്കറ്റുകള്‍ പതിച്ചതിനു പിന്നാലെ പ്രദേശത്ത് ആക്രമണത്തിനെതിരായ മുന്നറിയിപ്പ് വ്യക്തമാക്കി സൈറനുകള്‍ മുഴങ്ങി. ഗ്രീന്‍ സോണിലേക്ക് ഇത്തരത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഇറാന്‍ അനുകൂലമായി ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന അര്‍ധസൈനിക വിഭാഗങ്ങളെയാണ് യുഎസ് പഴി പറയാറുള്ളത്. ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാറുമില്ല.

ഇറാന്‍ സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് വധിച്ചതിനു ശേഷം ഇറാഖില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിരുന്നു. ഇറാഖ് സര്‍ക്കാരിന്റെ പരിഷ്‌കരണനടപടികള്‍ വൈകുന്നതിനെതിരെ തിങ്കളാഴ്ച നടന്ന പ്രക്ഷോഭങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :