9/11: ഡോക്യുമെന്‍ററിയുമായി സ്പില്‍ബര്‍ഗ്

WEBDUNIA|
PRO
തകര്‍ച്ചകളുടെ വിസ്മയഗാഥകള്‍ പറഞ്ഞ് പണം വാരുന്ന ട്രെന്‍ഡ് ഇംഗ്ലീഷ് സിനിമകളില്‍ പുതുമയല്ല. ടൈറ്റാനിക്കും 2012ഉം ഒക്കെ സമീപകാല ഉദാഹരണങ്ങള്‍. എന്നാല്‍, തകര്‍ച്ചയെക്കുറിച്ചല്ല, ഒരു പുനര്‍നിര്‍മ്മാണത്തെക്കുറിച്ചുള്ള കഥയുമായി സാക്ഷാല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് വരുന്നു. അമേരിക്കയുടെ അഭിമാനഗോപുരങ്ങളായിരുന്ന വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ പുനര്‍നിര്‍മ്മാണമാണ് സ്പില്‍ബര്‍ഗ് ഡോക്യുമെന്‍ററിയാക്കുന്നത്.

2001 സെപ്റ്റംബര്‍ 11ന് ഭീകരാക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ പുനര്‍നിര്‍മ്മാണമാണ് സ്പില്‍ബര്‍ഗ് ക്യാമറയിലാക്കുന്നത്. മാന്‍‌ഹാട്ടനില്‍ പുനര്‍ നിര്‍മ്മിക്കുന്ന വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു സയന്‍സ് ടെലിവിഷന്‍ ചാനലുമായി സഹകരിച്ചാണ് സ്പില്‍ബര്‍ഗ് ഡോക്യുമെന്‍ററിയാക്കുന്നത്.

‘റീബില്‍ഡിംഗ് ഗ്രൌണ്ട് സീറോ’ എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്‍ററി 2011ല്‍ ഡിസ്കവറി നെറ്റുവര്‍ക്ക് ആറു ഭാഗങ്ങളായി സം‌പ്രേഷണം ചെയ്യും. ജൊനാതന്‍ ഹോക്ക് സംവിധാനം ചെയ്യുന്ന ഈ ഡോക്യുമെന്‍ററിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ഉപദേശകനുമാണ് സ്പില്‍ബര്‍ഗ്.

3ഡിയിലും ഹൈ ഡെഫനിഷനിലും ചിത്രീകരിക്കുന്ന ഈ ഡോക്യുമെന്‍ററി ട്രേഡ് സെന്‍റര്‍ എന്ന മഹാസമുച്ചയത്തിന്‍റെ ഓരോ നിര്‍മ്മാണ കാലങ്ങളും വിശദമായി ഉള്‍ക്കൊള്ളിക്കും. ട്രേഡ് സെന്‍റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള അഞ്ജലികൂടിയാണ് ഈ പ്രൊജക്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :