രാമായണ പാരായണം - ഒന്നാം ദിവസം

WEBDUNIA| Last Updated: ചൊവ്വ, 16 ജൂലൈ 2024 (08:57 IST)
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്ത


ബാലകാണ്ഡം


ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍.

ഇഷ്ടദേവതാവന്ദനം

കാരണനായ ഗണനായകന്‍ ബ്രഹ്‌മാത്മകന്‍
കാരുണ്യമൂര്‍ത്തി ശിവശക്തിസംഭവന്‍ ദേവന്‍
വാരണമുഖന്‍ മമ പ്രാരബ്ധവിഘ്നങ്ങളെ
വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍.
വാണീടുകനാരതമെന്നുടെ നാവുതന്മേല്‍
വാണിമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ!

നാണമെന്നിയേ മുദാ നാവിന്മേല്‍ നടനംചെ-
യ്‌കേണാങ്കാനനേ ! യഥാ കാനനേ ദിഗംബരന്‍
വാരിജോത്ഭവമുഖവാരിജവാസേ ! ബാലേ!
വാരിധിതന്നില്‍ തിരമാലകളെന്നപോലെ
ഭാരതീ ! പദാവലി തോന്നേണം കാലേ കാലേ
പാരാതെ സലക്ഷണം മേന്മേല്‍ മംഗലശീലേ!

വൃഷ്ണിവംശത്തില്‍ വന്നു കൃഷ്ണനായ്പിറന്നോരു
വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.
വിഷ്ണുജോത്ഭവസുതനന്ദനപുത്രന്‍ വ്യാസന്‍
വിഷ്ണു താന്‍തന്നെ വന്നു പിറന്ന തപോധനന്‍
വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട
കൃഷ്ണനാം പുരാണകര്‍ത്താവിനെ വണങ്ങുന്നേന്‍..!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :