എന്താണ് നോറോ വൈറസ്? ഭക്ഷണത്തിലും വെള്ളത്തിലും അതീവ ശ്രദ്ധ വേണം; അറിഞ്ഞിരിക്കേണ്ടതെല്ലാം

രേണുക വേണു| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (12:23 IST)

കോവിഡിനൊപ്പം നോറോ വൈറസ് ഭീതിയും കേരളത്തില്‍ നിലനില്‍ക്കുകയാണ്. ഉദരസംബന്ധമായ രോഗമാണ് നോറോ വൈറസ്. ഇതൊരു ജലജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം.

ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. നോറോ വൈറസിനെ പ്രതിരോധിക്കാന്‍ ശുചിത്വമാണ് ഏറ്റവും പ്രധാനപ്പെട്ടത്.

രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

വയറിളക്കം, വയറുവേദന, ഛര്‍ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് ലക്ഷണങ്ങള്‍. ഛര്‍ദിയും വയറിളക്കവും മൂര്‍ച്ഛിച്ചാല്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കും. ഇത് ആരോഗ്യാവസ്ഥ അതീവ ഗുരുതരമാക്കും. മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വയറിളക്കവും ഛര്‍ദിയും ഉണ്ടെങ്കില്‍ സ്വയം ചികിത്സ തേടാതെ ഉടന്‍ ആശുപത്രിയിലെത്തി വൈദ്യസഹായം തേടണം.

ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കാന്‍ ശ്രദ്ധിക്കണം. എല്ലാ ഭക്ഷണ സാധനങ്ങളും നന്നായി വേവിക്കണം. പരിസര, വ്യക്തി ശുചിത്വം ഏറെ പ്രധാനപ്പെട്ടതാണ്. ടോയ്‌ലെറ്റില്‍ പോയതിനു ശേഷം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. കുട്ടികള്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ടോയ്‌ലറ്റില്‍ പോകുമ്പോള്‍ പാദരക്ഷകള്‍ ധരിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കിണറിലേയും ടാങ്കിലേയും വെള്ളം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം കഴിക്കുക. കടല്‍ മത്സ്യങ്ങള്‍ നന്നായി വേവിച്ച ശേഷം മാത്രമേ കഴിക്കാവൂ.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :