തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
ചൊവ്വ, 18 ഓഗസ്റ്റ് 2020 (17:34 IST)
തിരുവനന്തപുരം ആര്‍സിസിയില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായി അധ്യാധുനിക റേഡിയേഷന്‍ മെഷീന്‍ എത്തി. ഹൈ എനര്‍ജി ലീനിയര്‍ ആക്സിലറേറ്റര്‍ എന്ന റേഡിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കാന്‍സര്‍ ചികിത്സയ്ക്ക് വളരെയേറെ സഹായിക്കുന്നതാണ് ഹൈ എനര്‍ജി ലീനിയര്‍ ആക്സിലറേറ്റര്‍. പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് 14.54 കോടി രൂപ ചെലവില്‍ ആണ് ഈ മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്.
വിവിധ തരം കാന്‍സറുകളെ ചികിത്സിക്കാന്‍ ആവശ്യമായ വ്യത്യസ്ത ഫ്രീക്വന്‍സിയുള്ള എക്സ്റേയും ഇലക്ട്രോണ്‍ ബീമും കൃത്യതയോടെ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത. അര്‍ബുദ കോശങ്ങളെ നശിപ്പിക്കുമ്പോള്‍ തന്നെ സമീപസ്ഥമായ ആരോഗ്യമുള്ള ശരീര കലകള്‍ക്കും മറ്റ് സുപ്രധാന അവയവങ്ങള്‍ക്കും റേഡിയേഷന്‍ ഏല്‍ക്കാതെ സംരക്ഷിക്കാനുള്ള സംവിധാനവും ഈ യൂണിറ്റില്‍ ഉണ്ട്. പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറച്ച് അതീവ കൃത്യതയോടെയുള്ള ചികിത്സ വളരെ വേഗത്തില്‍ നടത്താന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ നേട്ടം.