തളര്‍ച്ച,ബോധക്ഷയം: ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞാല്‍ ശ്രദ്ധ വേണം

അഭിറാം മനോഹർ| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (17:07 IST)
ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാനായി രക്തത്തിലെയും കോശങ്ങളിലെയും ലവണങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. ഇവയുടെ അളവിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങള്‍ പോലും ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഇത്തരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സോഡിയം. ശരീരത്തില്‍ സോഡിയത്തിന്റെ അളവിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ മൂലം പല പ്രശ്‌നങ്ങളും സംഭവിക്കുന്നു.

തലച്ചോറിന്റെയും നാഡീഞരമ്പുകളുടെയും പേശികളുടെയും ശരിയായ പ്രവര്‍ത്തനത്തിന് സോഡിയം നിശ്ചിത അളവായി നിലനില്‍ക്കേണ്ടതുണ്ട്. സോഡിയം കുറയുന്നത് കോശങ്ങളില്‍ കൂടുതലായുള്ള ജലാംശം വര്‍ധിച്ച് വീര്‍ക്കുന്നതിന് കാരണമാകുന്നു. ഇതുമൂലം ഏറ്റവും ദോഷമുണ്ടാവുന്നത് തലച്ചോറിന്റെ കോശങ്ങള്‍ക്കാണ്. ഓക്കാനം,ഛര്‍ദ്ദി,പേശിവേദന,തളര്‍ച്ച,പരസ്പരബന്ധമില്ലാതെ സംസാരിക്കുക.ബോധക്ഷയം,ഓര്‍മക്കുറവ്,നടക്കുന്നതില്‍ ബുദ്ധിമുട്ട് എന്നിവ സോഡിയം കുറയുന്നത് വഴി ഉണ്ടാകും.

പ്രായമായവരിലാണ് സോഡിയം കുറയുന്ന പ്രശ്‌നം സാധാരണമായി കാണുന്നത്. ഹൃദ്രോഗം,കരള്‍വീക്കം,വൃക്കരോഗം എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവരിലും സോഡിയത്തിന്റെ അളവ് കുറയാന്‍ സാധ്യത കൂടുതലാണ്. സാധാരണ ഗുരുതരമായ രോഗാവസ്ഥയുണ്ടാവുമ്പോഴാണ് രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുക. പ്രായമായവരില്‍ മൂത്രത്തില്‍ പഴുപ്പ്,വൈറല്‍ പനി തുടങ്ങിയ വരുമ്പോഴും ചിലപ്പോള്‍ കാര്യമായ രോഗം ഇല്ലാത്തപ്പോഴും സോഡിയം കുറയുന്നത് കൊണ്ടുള്ള ലക്ഷണങ്ങള്‍ കാണാറുണ്ട്. സോഡിയം കുറയുന്നത് മൂലമുള്ള ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വൈദ്യസഹായം തേടണം. വേഗത്തില്‍ സോഡിയം കുറയുന്നത് മരണത്തിന് വരെ കാരണമാകാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :