രാത്രി എട്ട് മണിക്ക് ശേഷമാണോ നിങ്ങള്‍ അത്താഴം കഴിക്കുന്നത്? മാറ്റണം ഈ ശീലം

രേണുക വേണു| Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (17:20 IST)

രാത്രി ഏഴ് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഗുണകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രാവിലെ കഴിക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിനു ഏറ്റവും ആവശ്യമുള്ളത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിലും ഒരു മുഴുവന്‍ ദിവസത്തേക്ക് വേണ്ട ഊര്‍ജ്ജം കാത്തുസൂക്ഷിക്കുന്നതിലും ബ്രേക്ക്ഫാസ്റ്റിന് ഏറെ പങ്കുണ്ട്. അതുകൊണ്ട് ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. രാവിലെ പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം കഴിക്കണം.

രാവിലെയും ഉച്ചയ്ക്കും കഴിക്കുന്ന ഭക്ഷണം ശരീരത്തിനു ആവശ്യമുള്ള ഊര്‍ജ്ജമായാണ് കാണേണ്ടത്. എന്നാല്‍ രാത്രി ഏഴ് മണിക്ക് ശേഷം ശരാശരി മനുഷ്യന്‍ ഊര്‍ജ്ജ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തതിനാല്‍ അമിതമായ ഭക്ഷണത്തിന്റെ ആവശ്യമില്ല. മാത്രമല്ല ഏഴ് മണി കഴിഞ്ഞ് കുറേ വൈകി ഭക്ഷണം കഴിക്കുന്നതും ശരീരത്തിനു ദോഷം ചെയ്യും.

രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരീരത്തില്‍ പഞ്ചസാരയുടേയും ഇന്‍സുലിന്റേയും അളവ് വര്‍ധിപ്പിക്കും. രാത്രി ശരീരം വിശ്രമിക്കേണ്ടതിനു പകരം പഞ്ചസാരയും ഇന്‍സുലിനും ശരീരത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ഇതാണ് പ്രധാനമായും പ്രമേഹത്തിനു കാരണമാകുന്നത്. രാത്രി ഏഴ് മണിക്ക് ശേഷം വയറുനിറച്ച് ചോറുണ്ണുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുന്നത് ഇതിനാലാണ്.

രാത്രി അമിതമായി ഭക്ഷണം കഴിച്ചാല്‍ അത് ശരീരഭാരം കൂടാന്‍ കാരണമാകും. കൂടുതല്‍ കൊളസ്ട്രോള്‍ മെറ്റാബോളിസം പ്രശ്നം ഉണ്ടാക്കുന്നതും രാത്രി ഭക്ഷണമാണ്. രാത്രി കഴിക്കുന്ന ഭക്ഷണം എനര്‍ജിയായി മാറുന്നില്ല. അത് ശരീരത്തില്‍ സംഭരിക്കപ്പെടുകയാണ്. ഇത് കൊഴുപ്പായി അടിയുകയും കൊളസ്ട്രോളിന് കാരണമാകുകയും ചെയ്യും. രാത്രി ഭക്ഷണം കഴിക്കുന്നവരില്‍ രക്തസമ്മര്‍ദം കൂടുന്നതായും പഠനങ്ങളില്‍ ഉണ്ട്. രാത്രി വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവരില്‍ ഓര്‍മശക്തി കുറഞ്ഞുവരുന്നതായും പഠനമുണ്ട്. രാത്രി ഏഴ് മണിക്ക് മുന്‍പ് അത്താഴം കഴിക്കുകയാണ് നല്ല ആരോഗ്യത്തിനു വേണ്ടത്. രാത്രി അമിതമായി വിശപ്പ് തോന്നുകയാണെങ്കില്‍ ഫ്രൂട്ട്സ് മാത്രം കഴിക്കാവുന്നതാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :