രേണുക വേണു|
Last Modified ശനി, 6 മെയ് 2023 (12:18 IST)
മലയാളികള്‍ കടുത്ത വേനലിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. നന്നായി വെള്ളം കുടിച്ചുകൊണ്ട് വേണം വേനലിനെ പ്രതിരോധിക്കാന്‍. ചൂടുകാലത്ത് നന്നായി വെള്ളം കുടിക്കുന്നവരില്‍ പൊതുവെ ആരോഗ്യപ്രശ്നങ്ങള്‍ കുറവായിരിക്കും. ശരീരത്തില്‍ ജലത്തിന്റെ അംശം കൃത്യമായി നിലനിര്‍ത്തേണ്ടത് ആരോഗ്യത്തിനു വളരെ അത്യാവശ്യമാണ്.
മുതിര്‍ന്നയാള്‍ ഒരു ദിവസം ശരാശരി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്മാരാണ്. സ്ത്രീകള്‍ക്ക് രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കാം. എന്നാല്‍ പുരുഷന്മാര്ക്ക് മൂന്ന് ലിറ്റര്‍ വെള്ളം അത്യാവശ്യമാണ്. പുരുഷന്മാരുടെ പേശീ രൂപീകരണം മൂലം കൂടുതല്‍ വെള്ളം ആവശ്യമായിവരുന്നു.
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും വെള്ളം കുടിച്ചാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറി കുറയ്ക്കാന്‍ സാധിക്കും. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.
വെള്ളത്തിന്റെ അംശം കൂടിയ അളവില്‍ അടങ്ങിയ ഭക്ഷണങ്ങളാണ് മുട്ട, മീന്‍, പഴങ്ങള്‍, കക്കിരി, വെള്ളരി പോലുള്ള പച്ചക്കറികള്‍ എന്നിവ. ജലാംശം കൂടുതല്‍ അടങ്ങിയ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ ധരാളം വെള്ളം കുടിക്കുന്നത് മുലയൂട്ടലിനെ സഹായിക്കും.