രേണുക വേണു|
Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (08:18 IST)
Food Stuck in Throat: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എന്ന് പറയുമ്പോള്‍ അതിനെ വളരെ ലാഘവത്തോടെ കാണുന്നത് നമുക്കിടയില്‍ പതിവാണ്. എന്നാല്‍ അത് അത്ര ചെറിയ കാര്യമല്ല. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ തന്നെ അതീവ ജാഗ്രതയോടെ വേണം അതിനെ കാണാന്‍. ഭക്ഷണമോ മറ്റെന്തെങ്കിലും വസ്തുവോ നിങ്ങളുടെ തൊണ്ടയിലോ ശ്വാസനാളിയിലോ കുടുങ്ങുമ്പോള്‍ ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ ഒഴുക്കിന് തടസ്സമുണ്ടാകുന്നു. ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് കണ്ടാല്‍ ആദ്യം ചെയ്യേണ്ടത് സര്‍വ്വ ശക്തിയുമെടുത്ത് ചുമയ്ക്കുകയാണ്. നെഞ്ചില്‍ നിന്ന് മര്‍ദ്ദം പ്രയോഗിച്ച് വേണം ചുമയ്ക്കാന്‍. ചുമയുടെ മര്‍ദ്ദത്തില്‍ ഭക്ഷണ സാധനം പുറത്തേക്ക് വരാന്‍ സാധ്യതയുണ്ട്. സാധാരണ ചുമയ്ക്കുന്നതിനേക്കാള്‍ പ്രഷറില്‍ വേണം ചുമയ്ക്കാന്‍.
ഭക്ഷണം കുടുങ്ങിയ വ്യക്തി കുനിഞ്ഞു നില്‍ക്കുന്നതും അയാളുടെ പുറംഭാഗത്ത് ശക്തമായി തട്ടുന്നതും നല്ലതാണ്. കുനിഞ്ഞുനിന്നുകൊണ്ട് തന്നെ ശക്തമായ മര്‍ദ്ദം പ്രയോഗിച്ച് ചുമയ്ക്കുന്നതാണ് അത്യുത്തമം. ചെറിയ കുട്ടികളുടെ തൊണ്ടയിലാണ് ഭക്ഷണ സാധനം കുടുങ്ങിയതെങ്കില്‍ കമിഴ്ത്തി പിടിച്ച ശേഷം പുറംഭാഗത്ത് നല്ല പ്രഷറില്‍ തട്ടി കൊടുക്കണം.
ഭക്ഷണം അന്നനാളത്തില്‍ ആണ് കുടുങ്ങുന്നതെങ്കില്‍ അത് ശ്വസനത്തെ ബാധിക്കില്ല. എങ്കിലും കടുത്ത നെഞ്ചുവേദന, ചുമ എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അന്നനാളത്തില്‍ ഭക്ഷണം കുടുങ്ങിയാല്‍ ഉടന്‍ തന്നെ ഒരു കാന്‍ കാര്‍ബണേറ്റ് പാനീയം കുടിക്കുന്നത് നല്ലതാണ്. കുറച്ചധികം വെള്ളം വേഗത്തില്‍ കുടിക്കുന്നത് അന്നനാളത്തില്‍ കുടുങ്ങിയ ഭക്ഷണം നീക്കുവാന്‍ സഹായിക്കും. വാഴപ്പഴമോ ഒരു ഉരുള ചോറോ അന്നനാളത്തില്‍ കുടുങ്ങിയ ഭക്ഷണത്തെ തള്ളിവിടാന്‍ സഹായിക്കും.