രേണുക വേണു|
Last Modified ബുധന്‍, 24 മെയ് 2023 (12:33 IST)
ലോകം അടുത്ത മഹാവ്യാധിക്കായി ഒരുങ്ങിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ഡോക്ടര്‍ ടെഡ്രോസ് അഥനോം ഗബ്രിയേസൂസിന്റെ മുന്നറിയിപ്പ്. കോവിഡ് 19 നേക്കാള്‍ വിനാശകാരിയായ ഒരു വൈറസിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ജെനീവയില്‍ വാര്‍ഷിക ആരോഗ്യ അസംബ്ലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ വരാന്‍ സാധ്യതയുള്ള എല്ലാ മഹാവ്യാധികളേയും നേരിടാന്‍ ഓരോരുത്തരും സജ്ജരായിരിക്കണമെന്ന് ടെഡ്രോസ് പറഞ്ഞു.
'കോവിഡിനേക്കാള്‍ മരണനിരക്ക് കൂടാന്‍ സാധ്യതയുള്ള ഒരു വൈറസിനെ നേരിടാന്‍ ലോകം തയ്യാറായിരിക്കണം. പുതിയൊരു രോഗത്തിനും ഉയര്‍ന്ന മരണനിരക്കിനും സാധ്യതയുണ്ട്. അത് കോവിഡിനേക്കാള്‍ വിനാശകാരിയായിരിക്കും,' ലോകാരോഗ്യ സംഘടന തലവന്‍ പറഞ്ഞു.
കോവിഡിന്റെ പുതിയ വകഭേദം മൂലം പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോവിഡ് ഉണ്ടാക്കിയ ആരോഗ്യ ഭീഷണിക്ക് പൂര്‍ണമായി മാറ്റമൊന്നും വന്നിട്ടില്ല. അതിനു പുറമേ കൂടുതല്‍ മാരകമായേക്കാവുന്ന മറ്റൊരു വൈറസിന്റെ ഭീഷണി ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. ഇനിയുള്ള കാലങ്ങളില്‍ കോവിഡിന് സമാനമായ മഹാവ്യാധികള്‍ നമ്മള്‍ നേരിടേണ്ടിവരും. അടുത്ത മഹാമാരി വാതിലില്‍ മുട്ടി വിളിക്കുമ്പോഴേക്കും അതിനെ നേരിടാന്‍ എല്ലാ രീതിയിലും മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ഡോ.ടെഡ്രോസ് പറഞ്ഞു.