അഭിറാം മനോഹർ|
Last Modified വെള്ളി, 10 ഏപ്രില്‍ 2020 (12:19 IST)
കൊവിഡ് വൈറസ് ബാധക്കെതിരെയുള്ള പ്രതിരോധത്തിൽ ഒരു നിർണായകമായ ചുവടുവെയ്പ്പിലാണ് കേരളം. രോഗചികിത്സക്കായി കോൺവാലസന്റ് പ്ലാസ്‌മ എന്നറിയപ്പെടുന്ന ചികിത്സ ഇന്ത്യയിൽ ആദ്യമായി പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം.ഈ ചികിത്സ പരീക്ഷിക്കാൻ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് ഐസിഎംആറില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്.
എന്താണ് കോൺവാലസന്റ് പ്ലാസ്‌മ തെറാപ്പി?
കൊവിഡ് 19 ബാധിച്ച് രോഗം ഭേദമായവരുടെ രക്തത്തിലെ ആന്റിബോഡി ഉപയോഗിച്ച് രോഗം ബാധിച്ചവരെ ചികിത്സിക്കുന്ന സംവിധാനമാണിത്.കൊവിഡ് ബാധിച്ച് രോഗമുക്തരായവരിൽ വൈറസിനെ ചെറുക്കുന്ന ആന്റിബോഡി രക്തത്തിൽ രൂപപ്പെട്ടിരിക്കും. ഇത്തരത്തിൽ രോഗത്തിൽ നിന്നും മോചിതരായവരിൽ നിന്ന് ഈ ആന്റിബോഡി ശേഖരിച്ച് രോഗമുള്ളവരിൽ കുത്തിവെക്കുകയാണ് പ്ലാസ്‌മ ചികിത്സ വഴി ചെയ്യുന്നത്.
രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് രക്തത്തിലെ പ്ലാസ്മ ശേഖരിക്കുന്നത്.തുടർന്ന് ഈ രക്തത്തിലെ പ്ലാസ്മയിലെ ആന്റിബോഡി വേർതിരിച്ച് ചികിത്സക്കുപയോഗിക്കുന്നു.ഈ കുത്തിവെപ്പ് നടത്തിയതോടെ രോഗലക്ഷണങ്ങൾ കുറയുകയും ശരീരത്തിൽ ഓക്സിജന്‍റെ അളവ് കൂടുകയും വൈറസ് പതുക്കെ നിർവീര്യമായി തുടങ്ങുകയും ചെയ്യുമെന്നാണ് ഗവേഷക സംഘം പറയുന്നത്.ഇത്തരത്തിൽ ചൈനയിലും അമേരിക്കയിലും നടത്തിയ പരീക്ഷണങ്ങൾ വിജയമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.