എംപിത്രീ വിപ്ലവത്തിന്റെ കാലമാണിത്. ജോലിയുടെ ഇടവേളയിലും യാത്രയിലുമൊക്കെയായി ദിവസം എട്ട് മണിക്കൂര്‍ വരെ പാട്ട് കേള്‍ക്കുന്നവരാണ് യുവതലമുറ. ചിലപ്പോള്‍ അവരുടെ ജീവിതത്തെ തന്നെ സ്വാധീനിക്കാന്‍ സംഗീതത്തിനായേക്കും.
റോക്ക് സംഗീതത്തിന്റെ വകഭേദമാണ് ഹെവി മെറ്റല്‍ സംഗീതം പതിവായി ആസ്വദിക്കുന്നവരില് ആത്മഹത്യാ പ്രവണതയും വിഷാദരോഗവും കൂടുതലാണെന്ന് പഠനം വെളിപ്പെടുത്തുന്നു. സംഗീതത്തിന്റെ പൌരുഷഭാവം പ്രകടമാക്കുന്ന ഹെവി മെറ്റല്‍ സംഗീതത്തില്‍ ഇലക്ട്രിക് ഗിറ്റാര്‍, ഡ്രം, കീബോര്‍ഡ് തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്.
വിഷാദരോഗം ബാധിച്ചവരാണ് ഹെവി മെറ്റല്‍ സംഗീതത്തിന് അടിമപ്പെടുന്നത്. ഏകാന്തത കൊതിക്കുന്ന ഇത്തരക്കാര്‍ ഈ സംഗീതത്തില്‍ അഭയം പ്രാപിച്ച് യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നു.
യുവജനങ്ങളിലാണ് ഹെവി മെറ്റല്‍ സംഗീതത്തോടുള്ള ഭ്രമം കണ്ടുവരുന്നതെന്ന് പഠനം ശരിവയ്ക്കുന്നു. പതിവായി അത് ആസ്വദിച്ചുകൊണ്ടിരിക്കുന്നവര്ക്ക് മറ്റ് കാര്യങ്ങളില്‍ താല്പര്യമുണ്ടാവില്ല. കേട്ട പാട്ട് തന്നെ പല തവണ കേള്‍ക്കും. ദീര്‍ഘനാള്‍ ഇങ്ങനെ പെരുമാറുന്നവര്‍ ഒടുവില്‍ ആത്മഹത്യാ പ്രവണത കാണിച്ചു തുടങ്ങും.
മെല്‍ബണ്‍ സര്‍വകലാശാലയിലെ മ്യൂസിക് തെറാപ്പി വിഭാഗം ഓസ്ട്രേലിയിലെ ചെറുപ്പക്കാരില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. കുട്ടികള്‍ ഏത് തരത്തിലുള്ള പാട്ടുകളാണ് കേള്‍ക്കുന്നതെന്ന് മാതാപിതാക്കളും സ്കൂള്‍ അധികൃതരും ശ്രദ്ധിക്കണമെന്നും അവര്‍ക്ക് വേണ്ട ശ്രദ്ധ നല്‍കണമെന്നും പഠനം നടത്തിയ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.