പതിവായി സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍. ഇത് പ്രധാനമായും കുട്ടികളെയാണ് ബാധിക്കുക. ചെറുപ്രായത്തില്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ അമിതമായി ഉപയോഗിക്കുന്നത് അവരുടെ കണ്ണിന് പിന്നിലുള്ള ധമനികളെ ചുരുക്കുകയും അത് ഭാവിയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുകയും ചെയ്യും. തുടര്‍ന്ന് അത് ഹൃദയത്തെയും ബാധിക്കുന്നതിന് സാധ്യത കൂടുതലാണ്. കണ്ണുകള്‍ക്ക് പിന്നിലുള്ള ധമനികള്‍ പരിശോധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ രക്തധമനി സിസ്റ്റം മുഴുവനും മനസ്സിലാക്കാന്‍ ആരോഗ്യ വിദഗ്ദ്ധര്‍ക്ക് കഴിയും.
സിഡ്നി യൂണിവേഴ്സിറ്റിയിലെ വെസ്റ്റ്മെഡ് മില്ലെനിയം മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ കുട്ടികളില്‍ നടത്തിയ പഠനത്തില്‍ ദിവസവും ഒന്നോ അതില്‍ക്കൂടുതലോ സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്ന കുട്ടികളുടെ കണ്ണിന് പിന്നിലുള്ള രക്തധമനികള്‍ ഇടുങ്ങിയതാണെന്ന് കണ്ടെത്തി. സിഡ്നിയിലെ 21 ഹൈസ്കൂളുകളിലെ ഏകദേശം 2, 000 കുട്ടികളിലാണ് ഈ പഠനം നടത്തിയത്.
കൂടുതല്‍ സമയം ടി വി കാണുന്ന കുട്ടികളിലും ഈ പ്രശ്നം കണ്ടെത്തിയിരുന്നു. ഇവയുടെ ഉപയോഗം അവരുടെ മൈക്രോവാസ്ക്കുലര്‍ അവസ്ഥയെ മോശമാക്കുന്നുവെന്ന് സീനിയര്‍ ഗവേഷക ബാമിനി ഗോപിനാഥ് പറയുന്നു. എന്നാല്‍ സോഫ്റ്റ് ഡ്രിങ്കുകളുടെ വില്‍പ്പന വര്‍ഷാവര്‍ഷം വര്‍ദ്ധിക്കുകയാണ് എന്നതാണ് സത്യം.
English Summary:
Children who consume soft drinks daily had narrow arteries at the back of their eyes, which could increase their chances of heart disease and high blood pressure in later life, says a study. By examining the back of the eyes researchers could see the health of a person's entire blood vessel system.