ഇന്ന് ലോക പുകയില വിരുദ്ധ ദിനം. ലോകത്തിലെ എല്ലാ രാജ്യങ്ങളും പുകവലി എന്ന കരിമേഘത്തെ ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്യുന്ന ദിവസം. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലാണ് പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്. 1987ലാണ് ആദ്യമായി പുകയില വിരുദ്ധ ദിനം ആചരിച്ചത്.
പുകയിലയ്ക്ക് പണ്ടു മുതല്‍ക്കെ ലോകത്താകമാനം വന്‍ പ്രചാരണമാണ് ലഭിച്ചിരുന്നത്. പുകയില ഉപയോഗിച്ച് പല തരത്തിലുള്ള ലഹരി പദാര്‍ത്ഥങ്ങളാണ് നിര്‍മ്മിക്കുന്നത്. സിഗരറ്റ്, ബീഡി, ഗുഡ്ക തുടങ്ങി പല രൂപഭേദങ്ങളില്‍ ഇവ മനുഷ്യര്‍ക്കിടയില്‍ സഹജമാണ്. ലോകത്ത് ഒരു മിനിറ്റില്‍ 10 ദശലക്ഷം സിഗരറ്റാണ് വിറ്റഴിക്കപ്പെടുന്നത്. എന്നാല്‍ ഇവ ഉപയോഗിക്കുന്നതുമൂലം വന്‍ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതെക്കുറിച്ച് അറിവ് ഉണ്ടെങ്കിലും പുകയില ഉത്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ സമൂഹത്തിന് പൂര്‍ണമായും സാധിക്കുന്നില്ല. ഇത്തരത്തിലുള്ള സാഹചര്യത്തിലാണ് പുകയില വിരുദ്ധദിനത്തിന്റെ പ്രധാന്യം.
പുകയില ഉപയോഗം ഏതുമാകട്ടെ അത് അവസാനം എത്തിച്ചേരുന്നത് അര്ബുദത്തിലേക്കാണ്. അര്‍ബുദമാകട്ടെ മനുഷ്യനെ കാര്‍ന്നു തിന്നുന്ന മാരകമായ രോഗമാണ്. അര്‍ബുദം ബാധിച്ച ഒരു വ്യക്തിയുടെ ജീവിതത്തിന് ആയുസ് കുറവാണ്. ഇവര്‍ക്ക് രോഗത്തിനെപ്പറ്റി മുന്നറിയിപ്പ് നല്കുന്ന രീതിയിലാണ് ഇന്ത്യയില്‍ 2009 മെയ് 31 മുതല്‍ സചിത്ര മുന്നറിയിപ്പോടെ പുകയില പായ്ക്കറ്റുകള്‍ പുറത്തിറക്കാന്‍ തീരുമാനമായത്. ഇത്തരം മുന്നറിയിപ്പ് നല്കുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്ത പായ്ക്കറ്റുകള്‍ ഉപഭോക്താക്കളില്‍ അവബോധം സൃഷ്ടിച്ച് ഇതില്‍ നിന്നും പിന്തിരിയാന് സഹായിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ ശരിവെയ്ക്കുന്നു.
ദൃശ്യമാധ്യമങ്ങളില്‍ നിന്നും പുകയില ഉപയോഗ രംഗങ്ങള്‍ നീക്കിയത് ഒരു പരിധി വരെ യുവാക്കള്‍ക്കിടയില്‍ പുകയില ഉപയോഗത്തെ കുറക്കാന്‍ സാധിച്ചിട്ടുണ്ട്. പുകവലിക്കുന്നതിനെക്കാള്‍ അപകടം പുകവലിക്കാര്‍ പുറംതള്ളുന്ന പുക ശ്വസിക്കുന്നതാണ്. നേരിട്ടല്ലാതുള്ള ഇത്തരം പുകവലി, പുകയില ഉപയോഗത്തിന്റെതായ എല്ലാ ദൂഷ്യഫലങ്ങളും ഉണ്ടാക്കും. അര്‍ബുദത്തെ കൂടാതെ ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി ജീവന് ഭീഷണിയാകുന്ന മാരക രോഗങ്ങള്‍ക്കും കാരണമാകുന്നു.
ഇന്ത്യയില്‍ വര്‍ഷം തോറും എട്ട് ലക്ഷം പേര്‍ക്കാണ് പുകയില ഉപയോഗം മൂലമുള്ള രോഗങ്ങളാല്‍ ജീവന് നഷ്ടപ്പെടുന്നത്. ഒരു ദിവസം 2,200 പേര് മരിക്കുന്നു. ലോകത്താകട്ടെ ഓരോ എട്ട് സെക്കന്റിലും ഒരാള്‍ വീതം മരിക്കുന്നു. ലോകത്താകമാനം 1.1 ബില്യന്‍ പുകവലിക്കാരാണ് ഇപ്പോഴുള്ളത്. 2025 ആകുമ്പോഴേക്കും 1.6 ബില്യന്‍ ആയി ഉയരുമെന്നാണ് കരുതുന്നത്.
പുകയില ഉപയോഗത്തിന്റെ അളവ് കുറയേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ ആവശ്യമായി വരുകയാണ്. അല്ലാത്തപക്ഷം അത് മനുഷ്യരാശിയ്ക്ക് കരിനിഴല്‍ വീഴ്ത്തുമെന്നത് ഉറപ്പാണ്.