വൃക്കയില്‍ കല്ല് വരാതിരിക്കാന്‍ മാര്‍ഗ്ഗം ?

WEBDUNIA|
PRO
വൃക്കയില്‍ കല്ല് വന്നാലുള്ള അസ്വസ്ഥതകളെ കുറിച്ച് അനുഭവസ്ഥര്‍ പറഞ്ഞ് കേള്‍ക്കുന്നതു പോലും വേദനാജനകമാണ്. ഈ പൊല്ലാപ്പ് വരാതിരിക്കാന്‍ മാര്‍ഗമുണ്ടെങ്കില്‍ അതല്ലേ ഏറ്റവും നല്ലത്. നല്ല ഭക്ഷണം കഴിച്ചാല്‍ വൃക്കയില്‍ കല്ല് വരില്ല എന്നാണ് ഒരു പുതിയ പഠനം വെളിവാക്കുന്നത്.

നല്ല ഭക്ഷണമോ? അത് എന്തെന്നായിരിക്കും നാം ഉടന്‍ ചിന്തിക്കുക. കൂടുതല്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും കൊഴുപ്പുകുറഞ്ഞ പാലും പാല്‍ ഉത്പന്നങ്ങളും ധാന്യങ്ങളും ഉള്‍പ്പെട്ട ഭക്ഷണക്രമമാണിത്. ഭക്ഷണത്തില്‍, ഉപ്പും മാംസവും കൃത്രിമ പാനീയങ്ങളും വളരെ കുറച്ചു മാത്രമേ ഉള്‍പ്പെടുത്താവൂ എന്നും പഠനം നടത്തിയവര്‍ പറയുന്നു.

ബ്രിഗ്‌ഹാം മെഡിക്കല്‍ കോളജിലെ എറിക് ടെയ്‌ലറും സംഘവുമാണ് പഠനം നടത്തിയത്. ഇതിനായി മൂന്ന് തരം ക്ലിനിക്കല്‍ പഠനങ്ങളുടെ വിവരങ്ങളായിരുന്നു ശേഖരിച്ചത്. ആരോഗ്യവകുപ്പ് അധികൃതരുടെ ഫോളോ അപ് പഠനവും ( 45,821 ആളുകളില്‍ 18 വര്‍ഷം നടത്തിയത്), 94,108 ആളുകളില്‍ 18 വര്‍ഷവും 101,837 ആളുകളില്‍ 14 വര്‍ഷവും നഴ്സുമാര്‍ നടത്തിയ ആരോഗ്യ പഠനവുമാണ് എറിക്കും സംഘവും പഠനത്തിന് ആധാരമാക്കിയത്.

നിരീക്ഷണം നടത്തിയ ആളുകള്‍ക്ക് നിര്‍ദ്ദിഷ്ട ഭക്ഷണ ക്രമത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് നല്‍കിയത്. ഇവരില്‍ നല്ല ഭക്ഷണക്രമം പിന്തുടന്നവര്‍ക്ക് വൃക്കയില്‍ കല്ല് വരാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 40 മുതല്‍ 45 ശതമാനം വരെ കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. വൃക്കയിലെ കല്ലിനോട് അനുബന്ധമായി വരുന്ന രക്താതിസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ മാരക രോഗങ്ങളെയും ഇത്തരം ഭക്ഷണക്രമത്തിലൂടെ അകറ്റി നിര്‍ത്താമെന്നാണ് ഗവേഷക സംഘം അഭിപ്രായപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :