കൊക്ക കോള പാനീയത്തില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തു വന്‍തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. ബ്രസീല്‍, കെനിയ തുടങ്ങിയ ഒമ്പത് രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച കൊക്ക കോള സാമ്പിളില്‍ ആണ് മാരക രാസവസ്തു കണ്ടെത്തിയത്.
ജീവികളില്‍ കാന്‍സറിന് കാരണമാകുന്ന 4-എം.ഐ. (4-മീഥൈലിമിഡാസോള്) ആണ് പാനീയത്തില്‍ അടങ്ങിയിരിക്കുന്ന രാസവസ്തു. പാനീയം നിരോധിക്കുന്നതിന് വരെ വഴിവച്ചേക്കാവുന്ന കണ്ടെത്തല്‍ ആണ് ഇത്.
കഴിഞ്ഞ മാര്‍ച്ചില്‍, പാനീയത്തിന് കാരമല്‍ നിറം നല്കുന്ന രാസവസ്തു നിര്‍മിക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ കൊക്ക കോളയും പെപ്സിയും നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. കാലിഫോര്‍ണിയന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരമായിരുന്നു. കാലിഫോര്‍ണിയയില്‍ നിന്ന് ശേഖരിച്ച പാനീയങ്ങളുടെ സാമ്പിളില്‍ രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
പുതുതായി പുറത്തുവന്ന പഠനത്തിനെതിരെ കൊക്ക കോള കമ്പനി രംഗത്തെത്തിയിട്ടുണ്ട്. നിറത്തില്‍ അപകടകരമായ രാസവസ്തു ഇല്ലെന്നാണ് കമ്പനിയുടെ വാദം.