ഇന്ത്യയുടെ പക്കല്‍ കാശുണ്ട്; ആരോഗ്യമില്ല!

WEBDUNIA|
PRO
കൂടുതല്‍ പണക്കാരാകുന്തോറും ഇന്ത്യക്കാരുടെ ആരോഗ്യം കുറഞ്ഞ് വരികയാണത്രേ. ബ്രിട്ടീഷ് മാഗസിനായ ലാന്‍‌സെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു അവലോകനത്തിലാണ് ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയും പൊതുജനാരോഗ്യവും സംബന്ധിച്ച് വിദഗ്ദ്ധര്‍ ഈ അഭിപ്രായം ഉന്നയിച്ചത്. അനാരോഗ്യകരമായ ജീവിതചര്യയാണ് ഇന്ത്യന്‍ ജനത പിന്തുടരുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക മേഖലയില്‍ അതിവേഗം ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി ആളുകളുടെ ശാരീരികായാസം കുറയ്ക്കുകയാണ്. അതുകാരണം, അമിതവണ്ണവും പ്രമേഹവും വ്യാപകമായിരിക്കുന്നതായും അവലോകനം പറയുന്നു. പോക്കറ്റില്‍ പണം കുമിയുന്നത് വ്യായാമം കുറയാനും കൊഴുപ്പേറിയ ഭക്ഷണങ്ങള്‍ കഴിക്കാനുള്ള പ്രവണതയ്ക്കും മദ്യപിച്ചോ അമിത വേഗത്തിലോ വാഹനമോടിച്ച് അപകടം നേരിടുന്നതിലേയ്ക്കും വഴിവയ്ക്കുകയാണെന്നും ലാന്‍‌സെറ്റ് അഭിപ്രായപ്പെടുന്നു.

പണക്കാരുടെ എണ്ണം ഓരോ വര്‍ഷവും ഇന്ത്യയില്‍ ദശലക്ഷക്കണക്കിനാണ് വര്‍ദ്ധിക്കുന്നത്. ശാരീരികാരോഗ്യത്തെക്കുറിച്ച് ഇവര്‍ക്ക് ബോധവല്‍ക്കരണം നടത്തേണ്ടത് ഈ അവസരത്തില്‍ ആവശ്യമായി വന്നിരിക്കുകയാണ്. അതേസമയം ഇന്ത്യയില്‍ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ രോഗ ബാധയ്ക്കുള്ള സാധ്യത കൂടുതലും പാവപ്പെട്ടവര്‍ക്കുതന്നെയാണ്. സാമ്പത്തിക പുരോഗതിക്കനുസരിച്ച് ആതുരശുശ്രൂഷാ മേഖല മെച്ചപ്പെട്ടിട്ടില്ലെന്നത് ഇതിന് കാരണമാകാം.

ഇന്ത്യ പോലൊരു രാജ്യത്ത് ഹൃദ്രോഗം, ശ്വാസകോശത്തിനുണ്ടാകുന്ന അസുഖങ്ങള്‍, അര്‍ബുദം, പ്രമേഹം തുടങ്ങിയവ നിയന്ത്രിക്കുന്നതിന് നടപടി കൈക്കൊള്ളേണ്ടത് പ്രധാനമാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും ജീവിത ശൈലിയെക്കുറിച്ചുമുള്ള ബോധവല്‍ക്കരണത്തിലൂടെയും പുകയിലയ്ക്കും മദ്യത്തിനും കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുന്നതിലൂടെയും ആശുപത്രി ചെലവുകള്‍ ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അസുഖങ്ങളുടെ കാര്യത്തില്‍ ആരംഭ ഘട്ടത്തിലാണ്. രാജ്യത്ത് അഞ്ചില്‍ ഒരാള്‍ക്ക് ക്രോണിക് രോഗമുള്ളതായും പത്തില്‍ ഒരാള്‍ക്ക് ഒന്നിലധികം രോഗങ്ങളുള്ളതായുമാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ ആരോഗ്യ പരിരക്ഷണ സംവിധാനത്തെ വിദഗ്ധര്‍ നിശിതമായി വിമര്‍ശിക്കുന്നു. ഇവിടെ മൊത്തം ആരോഗ്യ ചെലവുകളില്‍ 71.1 ശതമാനവും വ്യക്തികള്‍ വഹിക്കുമ്പോള്‍ ബാക്കിയുള്ളത് മാത്രമാണ് പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും ലാന്‍‌സെറ്റ് ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :