രേണുക വേണു|
Last Modified തിങ്കള്‍, 8 ജനുവരി 2024 (19:37 IST)
Dental Check Up: പല്ലുകള്‍ക്ക് എന്തെങ്കിലും പ്രശ്‌നം തോന്നിയാല്‍ മാത്രമല്ല ദന്ത ഡോക്ടറെ സമീപിക്കേണ്ടത്. മറിച്ച് വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ഡെന്റിസ്റ്റിനെ കാണണം. ആറ് മാസത്തിന്റെ ഇടവേളയില്‍ ദന്ത പരിശോധന നടത്തുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ പല്ലുകള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുകയും എന്തെങ്കിലും തകരാര്‍ ഉണ്ടെങ്കില്‍ അത് രൂക്ഷമാകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
പല്ലിലെ ചെറിയ ഓട്ടകള്‍ ആദ്യ ഘട്ടത്തില്‍ ചെറിയ ചെലവില്‍ അടയ്ക്കാവുന്നതാണ്. ചെറിയ ഓട്ടകളെ നിസാരമായി കണ്ടാല്‍ അവ പിന്നീട് വലുതാകുകയും താരതമ്യേന ചെലവ് കൂടിയ റൂട്ട് കനാല്‍ ചെയ്താല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കപ്പെടൂ എന്ന നിലയിലേക്ക് എത്തുകയും ചെയ്യും. കൃത്യമായ ഇടവേളകളില്‍ ദന്ത പരിശോധന നടത്തുകയാണെങ്കില്‍ ചെറിയ ഓട്ടകള്‍ പോലും അതിവേഗം തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പുവരുത്താനും സാധിക്കും.
പല്ലുകള്‍ക്ക് തേയ്മാനം വരുന്നതും അറകള്‍ രൂപപ്പെടുന്നതും ആദ്യ ഘട്ടത്തില്‍ നമുക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. പിന്നീട് അസഹ്യമായ വേദനയോ മറ്റ് അസ്വസ്ഥതകളോ വന്ന ശേഷമാണ് നമ്മള്‍ ഡോക്ടറുടെ അടുത്ത് എത്തുക. അപ്പോഴേക്കും പല്ലിന്റെ അവസ്ഥ ഗുരുതരമായിട്ടുണ്ടാകും. പല്ല് എടുത്തുകളയുക അല്ലാതെ മറ്റൊരു പോംവഴിയും ഇല്ലാതെ വരും. ഇവ ഒഴിവാക്കണമെങ്കില്‍ ആറ് മാസം കൂടുമ്പോള്‍ ദന്തപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.