യുവാക്കളെ ഡിമെന്‍ഷ്യ ബാധിക്കുമോ? ലോക അല്‍ഷിമേഴ്‌സ് ദിനത്തില്‍ അറിയേണ്ടതെല്ലാം

ദിവസം മുഴുവന്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നിര്‍വഹിക്കുന്നതിനു നിരവധി മാനസിക പ്രവര്‍ത്തനങ്ങളാണു തലച്ചോര്‍ കൈകാര്യം ചെയ്യുന്നത്

രേണുക വേണു| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (14:40 IST)

ഡോ രജിത് രമണന്‍ പിള്ള
കണ്‍സള്‍ട്ടന്റ്
ന്യൂറോളജി വിഭാഗം
കിംസ് ഹെല്‍ത്ത്

ലോകമെമ്പാടുമായി ഏതാണ്ട് 5.5 കോടി ആളുകള്‍ ഡിമെന്‍ഷ്യ ബാധിതരാണ്. ഇവരില്‍ 60 ശതമാനത്തിലധികവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണു താമസിക്കുന്നത്. ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ജനസംഖ്യയിലെ പ്രായമായവരുടെ അനുപാതം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, 2050-ഓടെ ഈ എണ്ണം 13.9 കോടിയായി ഉയരുമെന്നു കരുതപ്പെടുന്നു.

ദിവസം മുഴുവന്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നിര്‍വഹിക്കുന്നതിനു നിരവധി മാനസിക പ്രവര്‍ത്തനങ്ങളാണു തലച്ചോര്‍ കൈകാര്യം ചെയ്യുന്നത്. ഓര്‍മ, ഭാഷ, കാര്യനിര്‍വ്വഹണം, യുക്തിചിന്ത, ശ്രദ്ധ, കണക്കുകൂട്ടല്‍, ദൃശ്യപരവും സ്ഥലപരവുമായ ബന്ധങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുകള്‍, പെരുമാറ്റ രീതി, വ്യക്തിത്വം എന്നിവ ചില പ്രധാന മാനസിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. നമ്മള്‍ പലപ്പോഴും ഡിമെന്‍ഷ്യയെ ഓര്‍മയുമായി ബന്ധപ്പെട്ട പ്രശ്‌നവുമായി തുലനം ചെയ്യാറുണ്ട്. എന്നാല്‍, സാധാരണ അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങളിലൊന്നു മാത്രമാണ് ഓര്‍മയുമായി ബന്ധപ്പെട്ട പ്രശ്നം.

'ഡിമെന്‍ഷ്യയെ അറിയുക, അല്‍ഷിമേഴ്‌സിനെ അറിയുക' എന്നതാണ് 2022 സെപ്റ്റംബറിലെ ലോക അല്‍ഷിമേഴ്‌സ് മാസത്തിന്റെ തീം.

മേല്‍പ്പറഞ്ഞ ഏതെങ്കിലും മാനസിക പ്രവര്‍ത്തനങ്ങളില്‍ കുറവുണ്ടാക്കുകയും അതുവഴി ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്ന വൈകല്യങ്ങളാണ് ഡിമെന്‍ഷ്യ. പ്രായം, വിദ്യാഭ്യാസ യോഗ്യത, വ്യക്തിയുടെ അടിസ്ഥാന പ്രവര്‍ത്തനം എന്നിവ ഡിമെന്‍ഷ്യയെ വിലയിരുത്തുന്നതില്‍ പരിഗണിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഉദാഹരണത്തിന്, ഡിമെന്‍ഷ്യ ബാധിതനായ ഒരു സാധാരണക്കാരനെ അപേക്ഷിച്ചു ഒരു ഗണിതശാസ്ത്രജ്ഞന് രോഗനിര്‍ണ്ണയം സങ്കീര്‍ണമാണ്.

ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളും സൂചനകളും എന്തൊക്കെ?

ഇടയ്ക്കിടെയുള്ള മറവി സാധാരണമാണ്. അതിന്റെ ആവൃത്തി വര്‍ധിക്കുകയോ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുകയോ ചെയ്യുന്നില്ലെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. വികസിച്ചുകൊണ്ടിരിക്കുന്ന ഡിമെന്റിങ് രോഗത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:

ഓര്‍മക്കുറവ്. ഉദാഹരണം: വസ്തുക്കള്‍ തെറ്റായ സ്ഥലത്തു വയ്ക്കല്‍ അല്ലെങ്കില്‍ സംഭവങ്ങള്‍ ഓര്‍മിക്കുന്നതിലെ ബുദ്ധിമുട്ട്

ഭാഷാ പ്രശ്നങ്ങള്‍. ഉദാഹരണം: വാക്കുകള്‍ ആവര്‍ത്തിക്കുക അല്ലെങ്കില്‍ വാക്കുകള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ട്

സ്ഥലപരമായ ബന്ധങ്ങള്‍ തിരിച്ചറിയാനുള്ള കഴിവിനുണ്ടാകുന്ന വൈകല്യം. ഉദാഹരണം: പരിചിതമായ സ്ഥലങ്ങളില്‍ വഴി മനസിലാകാതിരിക്കുക

മോശം നിര്‍ണയും ആസൂത്രണവും. ഉദാഹരണം: പരിചിതമോ സങ്കീര്‍ണമോ ആയ ജോലികള്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട്

മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ പെരുമാറ്റത്തിലോ ഉള്ള മാറ്റം. ഉദാഹരണം: ബഹളം, ഉള്‍വലിയല്‍ അല്ലെങ്കില്‍ ഉചിതമല്ലാത്ത പെരുമാറ്റം

സമയം, സ്ഥലം അല്ലെങ്കില്‍ വ്യക്തി എന്നിവയെക്കുറിച്ചുള്ള ആശയക്കുഴപ്പം

മിഥ്യാഭ്രമം അല്ലെങ്കില്‍ മതിഭ്രമം

ഇത്തരം ഏതെങ്കിലും ലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടേണ്ടതു പ്രധാനമാണ്.

ഡിമെന്‍ഷ്യയുടെ പൊതുവായ കാരണങ്ങള്‍ എന്തൊക്കെ?

ഡിമെന്‍ഷ്യയുടെ പല കാരണങ്ങളും തലച്ചോറിലെ നാഡീകോശങ്ങള്‍ക്കുണ്ടാവുന്ന ക്ഷതം, കാലക്രമേണ ക്ഷയിച്ചുകൊണ്ടിരിക്കുന്നതു(ഡീജനറേറ്റീവ്)മായി ബന്ധപ്പെട്ടുള്ളതാണെങ്കിലും ചികിത്സിക്കാവുന്ന ചില രോഗാവസ്ഥകളും ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ക്കു കാരണമാകും. കൃത്യമായ പരിചരണം നല്‍കുന്നതിനു ഡിമെന്‍ഷ്യ നേരത്തെ കണ്ടെത്തുന്നതും ഏതു തരത്തിലുള്ളതാണെന്നുളളതും അതിനുള്ള കാരണവും തിരിച്ചറിയുന്നതും പ്രധാനമാണ്.

ഡീജനറേറ്റീവ് ഡിമെന്‍ഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണ് അല്‍ഷിമേഴ്സ് രോഗം. 60-70 കേസുകള്‍ക്കും കാരണമാകുന്നത് ഇതാണ്. മറ്റു കാരണങ്ങള്‍ ഇവയാണ്:

ഫ്രണ്ടോടെമ്പോറല്‍ ഡിമെന്‍ഷ്യ (എഫ് ടി ഡി) അല്ലെങ്കില്‍ പിക്ക് ഡിസീസ്, പാര്‍ക്കിന്‍സണ്‍സ് ഡിസീസ് തുടങ്ങിയ ഡീജനറേറ്റീവ് രോഗങ്ങള്‍

പക്ഷാഘാതം മൂലമുണ്ടാകുന്ന വാസ്‌കുലര്‍ ഡിമെന്‍ഷ്യ

പ്രമേഹം, രക്തസമര്‍ദം, അല്ലെങ്കില്‍ വൃക്ക, കരള്‍, അല്ലെങ്കില്‍ തൈറോയ്ഡ് അസുഖങ്ങള്‍ തുടങ്ങിയ മെഡിക്കല്‍ അവസ്ഥകള്‍ (ഒരേസമയം രണ്ടോ അതിലധികം അസുഖങ്ങള്‍ ഉണ്ടാകുന്ന അവസ്ഥ)

പോഷണക്കുറവ്. ഉദാഹരണം വിറ്റാമിന്‍ ബി12ന്റെ കുറവ്

ബ്രെയിന്‍ ട്യൂമറുകള്‍, തലയ്ക്കേല്‍ക്കുന്ന പരുക്കുകള്‍, സാധാരണ മര്‍ദ നീരുവീക്കം (നോര്‍മല്‍ പ്രഷര്‍ ഹൈഡ്രോസെഫലസ്) തുടങ്ങിയ ഘടനാപരമായ അസുഖങ്ങള്‍

ചില മരുന്നുകളുടെ പ്രതികൂല ഫലം

ഉത്കണ്ഠ, വിഷാദം

എച്ച് ഐ വി/എയ്ഡ്സ്, പ്രിയോണ്‍ രോഗം, എന്‍സെഫലൈറ്റിസ് അല്ലെങ്കില്‍ സിഫിലിസ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍

കടുത്ത ലോഹ വിഷബാധ (ഉദാഹരണം: ഈയം വിഷബാധ)

ചെന്നി

ഡിമെന്‍ഷ്യ ഉയര്‍ത്തുന്ന അപകട ഘടകങ്ങള്‍ എന്തൊക്കെ?

65 വയസിനു മുകളിലുള്ള പ്രായവും കുടംബത്തിലെ ഡിമെന്‍ഷ്യയുടെ ചരിത്രവും ഒരാളില്‍ ഈ അവസ്ഥ വികസിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍, കുടുംബ ചരിത്രമുള്ള പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. കുടുംബ ചരിത്രമില്ലാത്ത പലര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്

65 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ഏകദേശം അഞ്ച്-എട്ട് ശതമാനം ആളുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഡിമെന്‍ഷ്യയുണ്ട്. ഈ സംഖ്യ ഓരോ അഞ്ച് വര്‍ഷത്തിലും ഇരട്ടിയാകുന്നു.

ഡിമെന്‍ഷ്യ തടയാന്‍ ഈ കാര്യങ്ങള്‍ ശീലിക്കാം

വ്യായാമവും ധാന്യങ്ങള്‍, നട്സുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം ഉള്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യകരമായ ഭക്ഷണക്രമവും

അമിതമായ മദ്യപാനവും പുകവലിയും കുറയ്ക്കല്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, പൊണ്ണത്തടി തുടങ്ങിയ ഹൃദയ സംബന്ധമായ അപകട ഘടകങ്ങളെ നിയന്ത്രിക്കല്‍

നല്ല ഉറക്ക ശീലം

സെഡേറ്റീവ് പോലുള്ള ചില മരുന്നുകളുടെ മേല്‍നോട്ടമില്ലാത്ത ഉപയോഗം ഒഴിവക്കല്‍

വായനയിലൂടെയും പസിലുകളിലൂടെയും വാക്കുകള്‍ കൊണ്ടുള്ള ഗെയിമുകള്‍ കളിച്ചും ഓര്‍മ പരിശീലനത്തിലൂടെയും ഡിമെന്‍ഷ്യയുടെ ചെറു സാധ്യത പോലും തള്ളിക്കളയുന്നു.

യുവാക്കളെ ഡിമെന്‍ഷ്യ ബാധിക്കുമോ?

65 വയസിനു താഴെയുള്ളവരിലെ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളെ 'യങ് ഓണ്‍സെറ്റ് ഡിമെന്‍ഷ്യ' എന്ന് വിളിക്കുന്നു. ഇതു പ്രായമായവരിലെ ഡിമെന്‍ഷ്യയേക്കാള്‍ വളരെ അപൂര്‍വമാണെങ്കിലും കാരണങ്ങള്‍ ഏറെക്കുറെ സമാനമാണ്.

വിശദമായ ചരിത്രം മനസിലാക്കിക്കൊണ്ടുള്ള നേരത്തെയുള്ള രോഗനിര്‍ണയവും രക്തപരിശോധന, ബ്രെയിന്‍ ഇമേജിങ് എന്നിവയ്ക്കൊപ്പമുള്ള ന്യൂറോളജിക്കല്‍ പരിശോധനയും ചെറുപ്പത്തില്‍ ആരംഭിക്കുന്ന ഡിമെന്‍ഷ്യയെ തടയാന്‍ സഹായിച്ചേക്കാം.

ലഭ്യമായ ചികിത്സാ സാധ്യതകള്‍ എന്തൊക്കെ?

അല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള ഡീജനറേറ്റീവ് ഡിമെന്‍ഷ്യകളുടെ പ്രധാന ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം, നിലവില്‍ പൂര്‍ണ രോഗശാന്തി ഇല്ലെങ്കിലും, ഒരുവര്‍ഷത്തോളം ചികിത്സയിലൂടെ കൂടുതല്‍ സങ്കീര്‍ണതകളിലേക്കു കടക്കാതിരിക്കാന്‍ സാധിക്കും. ഡിമെന്‍ഷ്യക്കെതിരായ മരുന്നുകള്‍ ഓര്‍മശക്തി മെച്ചപ്പെടുത്തുകയും ആശയക്കുഴപ്പം കുറയ്ക്കുകയും ചെയ്യുന്നു. അതു തലച്ചോറിനെ കൂടുതല്‍ നേരം നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. നിരവധി പുതിയ ചികിത്സകള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്.

മരുന്നിതര അല്ലെങ്കില്‍ പിന്തുണ ചികിത്സ ഡിമെന്‍ഷ്യ ബാധിച്ചവരുടെയും അവരെ പരിചരിക്കുന്നവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നു. നിങ്ങള്‍ക്കു ഡിമെന്‍ഷ്യയുണ്ടെന്നു നേരത്തെ മനസിലാക്കുന്ന നിങ്ങളെയും കുടുംബത്തെയും ഒരുമിച്ച് അര്‍ത്ഥവത്തായ ജീവിത നിലവാരം ആസൂത്രണം ചെയ്യാന്‍ അനുവദിക്കുന്നു. അതോടൊപ്പം നിയമപരവും സാമ്പത്തികവും ആരോഗ്യപരിരക്ഷാ പദ്ധതികള്‍ ക്രമപ്പെടുത്തുന്നതിനു നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ഈ യാത്രയില്‍ അറിവ് പങ്കുവയ്ക്കുന്നതിനും പരിചരണ സംബന്ധമായ നിര്‍ദേശങ്ങളും ആശ്വാസവും നല്‍കുന്നതിനും ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പ്രാദേശിക ഡിമെന്‍ഷ്യ പിന്തുണ സംഘങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിങ്ങളുടെ ആരോഗ്യപരിചരണ സംഘം വളരെ സഹായകരമാകും.

ഡിമെന്‍ഷ്യ ബാധിച്ച നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പരിപാലനം

സാധ്യമായ ഏറ്റവും കൂടുതല്‍ കാലം മികച്ച ജീവിത നിലവാരം നല്‍കുകയെന്നതാണു ലക്ഷ്യം. സാധാരണയായി പരിചരണത്തിന്റെ പ്രധാന ഉത്തരവാദിത്തം കുടുംബത്തിലെ പരിചരിക്കുന്നയാളുടെ ചുമലില്‍ വന്നുചേരും. ഇതു വെല്ലുവിളി നിറഞ്ഞതാണെങ്കിലും കാര്യങ്ങള്‍ എളുപ്പമാക്കാന്‍ മാര്‍ഗങ്ങളുണ്ട്.

വീട്ടില്‍ സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കുന്നതു പരുക്കേല്‍ക്കാനുള്ള സാധ്യത തടയുന്നു. മാറ്റുകള്‍, വഴുക്കലുള്ള തറകള്‍ എന്നിവ ഒഴിവാക്കുക, ഉചിതമായ സ്ഥലങ്ങളില്‍ ഹാന്‍ഡിലുകള്‍ അല്ലെങ്കില്‍ ഹോള്‍ഡറുകള്‍ സ്ഥാപിക്കുക, 'സൂചനകള്‍' (ലേബല്‍ ഡ്രോയറുകള്‍/കാബിനറ്റുകള്‍/ക്ലോസറ്റുകള്‍ അവയുടെ ഉള്ളടക്കത്തിനനുസരിച്ച്) നല്‍കുക, തീ സംബന്ധിച്ച മുന്‍കരുതലുകളും മതിയായ പ്രകാശവും പ്രത്യേകിച്ച് രാത്രിയിലും പതിവായി നടക്കുന്ന ഇടങ്ങളിലും ഒരുക്കുക.

ഡിമെന്‍ഷ്യ ബാധിച്ച നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ആശയവിനിമയ തടസങ്ങള്‍ മറികടക്കുന്നതു ചിലപ്പോള്‍ ബുദ്ധിമുട്ടുള്ളതും നിരാശയുളവാക്കുന്നതുമായിരിക്കും. എന്നാല്‍ രോഗികളോട് വാത്സല്യത്തോടെയും സാവധാനത്തിലും വ്യക്തമായും സംസാരിക്കണം. അസ്വസ്ഥമായ പെരുമാറ്റം ഒഴിവാക്കണം. പരിധിവരെ. രോഗികളുടെ കഴിവിനനുസരിച്ച് ദൈനംദിന ഗാര്‍ഹിക ജോലികളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതു സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയം നിലനിര്‍ത്താന്‍ സഹായിക്കും.

ഡിമെന്‍ഷ്യ വഷളാകുമ്പോള്‍ പരിചരണത്തിനുള്ള ആവശ്യവും വര്‍ധിക്കുന്നു. ഹോം കെയര്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി കുടുംബത്തിനു
പ്രൊഫഷണല്‍ കെയര്‍ഗിവറെ ഉപയോഗപ്പെടുത്താം. അല്ലെങ്കില്‍ ഒരു നഴ്സിങ് ഹോമില്‍ പരിചരണം ഉറപ്പാക്കാം. ബുദ്ധിക്ക് അസ്വസ്ഥത നേരിടുന്ന പ്രിയപ്പെട്ട ഒരാള്‍ക്കു പരിചരണം നല്‍കുന്നത് എളുപ്പമുള്ള കാര്യമല്ലെങ്കിലും ശരിക്കും നിസ്വാര്‍ത്ഥമായൊരു പ്രവൃത്തിയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :