രേണുക വേണു|
Last Modified ഞായര്‍, 1 ഒക്‌ടോബര്‍ 2023 (19:30 IST)
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മദ്യപിച്ചാല്‍ പ്രശ്‌നമൊന്നും ഇല്ലെന്ന് വിശ്വസിക്കുന്നവരാണ് നമുക്കിടയില്‍ ഭൂരിഭാഗവും. എന്നാല്‍ ചെറിയ തോതിലുള്ള മദ്യപാനം പോലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍. മദ്യം ചെറിയ തോതില്‍ ആണെങ്കിലും വലിയ തോതില്‍ ആണെങ്കിലും കരള്‍ രോഗങ്ങള്‍, കാന്‍സര്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.
ശരീരത്തിലെ ആല്‍ക്കഹോള്‍ ഡീഹൈഡ്രോജനേസ് എന്ന രാസാഗ്നി നിങ്ങള്‍ കുടിക്കുന്ന മദ്യത്തെ അസറ്റാള്‍ഡിഹൈഡ് ആക്കി മാറ്റുന്നു. അസറ്റാള്‍ഡിഹൈഡ് ശരീര കോശങ്ങളെ വിഷലിപ്തമാക്കുന്നു. മദ്യപാനം ശരീര കോശങ്ങളെ നശിപ്പിക്കുകയും ഇത് അര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. മദ്യം പെട്ടന്ന് രക്തത്തില്‍ കലരുമ്പോള്‍ രക്തം സാന്ദ്രത കുറഞ്ഞ് നേര്‍ക്കുന്നു. ഇതിന്റെ ഫലമായി രക്ത സമ്മര്‍ദ്ദം കൂടുകയും ഹൃദയമിടിപ്പ് വേഗത്തിലാകുകയും ചെയ്യുന്നു.
മദ്യം കലര്‍ന്ന രക്തം കരളില്‍ എത്തിയാല്‍ അവിടെ വച്ച് ഓക്‌സിജനുമായി ചേര്‍ന്ന് വിഘടിക്കും. വിഘടനത്തിലൂടെ ഉണ്ടാകുന്ന രാസഘടകങ്ങള്‍ രക്തത്തിലൂടെ തലച്ചോറിലെത്തും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിക്കും. മദ്യം വിഘടിച്ചുണ്ടാകുന്ന അസറ്റാള്‍ഡിഹൈഡ്, അസറ്റേറ്റ് എന്നിവ വിഷകരമാണ്. ചെറിയ തോതില്‍ മദ്യപിക്കുമ്പോഴും ഈ പ്രവര്‍ത്തനങ്ങളെല്ലാം നിങ്ങളുടെ ശരീരത്തില്‍ നടക്കുന്നു.