അഭിറാം മനോഹർ|
Last Modified ചൊവ്വ, 12 മാര്‍ച്ച് 2024 (20:10 IST)
Mumps Outbreak,Mumps in kerala
ഉമിനീര്‍ ഗ്രന്ധികളുടെ പ്രത്യേകിച്ച് പരോട്ടിഡ് ഗ്രന്ധികളെ ബാധിക്കുന്ന വൈറല്‍ രോഗമാണ് മുണ്ടിനീര്. രോഗബാധിതനായ ആള്‍ തുമ്മുകയോ,ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോള്‍ അവരുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും വരുന്ന ഉമിനീര്‍, മ്യൂക്കസ് ശ്വസന തുള്ളികള്‍ എന്നിവയിലൂടെ ഈ അണുബാധ മറ്റുള്ളവരിലേക്കും പകരം.തലവേദന തുടങ്ങി പല ലക്ഷണങ്ങളും ഈ രോഗമുള്ളവര്‍ പ്രകടിപ്പിക്കും.
മുണ്ടിനീര് ബാധിച്ചവര്‍ക്ക് വിശപ്പ് കുറവായിരിക്കും. ഫ്‌ളു ബാധിച്ചത് പോലുള്ള ലക്ഷണങ്ങള്‍, തുമ്മല്‍,ചുമ എന്നിവയ്‌ക്കൊപ്പം ഉയര്‍ന്ന പനിയും ഉണ്ടാകാം. കവിള്‍ത്തടങ്ങള്‍ വീര്‍ക്കുന്നതാണ് മറ്റൊരു ലക്ഷണം. ഈ അവസ്ഥയില്‍ വലിയ വേദനയും അനുഭവപ്പെടുന്നതാണ്. വിഴുങ്ങുമ്പോഴും കുടിയ്ക്കുമ്പോഴും തൊണ്ടയില്‍ വേദന,കൗമാരക്കാരായ ആണ്‍കുട്ടികളില്‍ വൃഷണത്തില്‍ വേദന എന്നിവയും മുണ്ടിനീര് കൊണ്ടുണ്ടാകാം.
പുറം വേദന,കഠിനമായ മയക്കം, വീര്‍ത്ത വൃഷണങ്ങള്‍,കഴുത്തിന് കാഠിന്യം വരുക എന്നിവയെല്ലാം രോഗം ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്. രോഗിയായ ഒരാളില്‍ നിന്നുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം എളുപ്പത്തില്‍ പകരും. അതിനാല്‍ രോഗം ബാധിച്ചവര്‍ വീട്ടിനുള്ളില്‍ വിശ്രമം എടുക്കേണ്ടതാണ്. മുഖത്ത് വീക്കം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ രോഗികള്‍ രോഗബാധിതരായിരിക്കും. മുണ്ടിനീര് മൂലമുള്ള സങ്കീര്‍ണ്ണതകള്‍ അപൂര്‍വമാണെങ്കിലും അവഗണിക്കുന്നത് മസ്തിഷ്‌കത്തിനും പ്രത്യുല്പാദന അവയവങ്ങള്‍ക്കും വീക്കമുണ്ടാക്കും. അസാധാരണമാണെങ്കിലും കേള്‍വി ശക്തിയേയും ബാധിക്കും. ഗര്‍ഭാവസ്ഥയിലാണ് രോഗമെങ്കില്‍ ഗര്‍ഭം അലസലിന് ഇത് കാരണമായേക്കാം.
മീസില്‍സ്,മമ്പ്‌സ്,റൂബെല്ല(എംഎംആര്‍) വാക്‌സിന്‍ ഉപയോഗിച്ച് ഇത് പ്രതിരോധിക്കാനാകും. രണ്ട് ഡോസ് വാക്‌സിനാണ് ഇതിനായി ചെയ്യേണ്ടത്. നിങ്ങള്‍ പ്രതിരോധ കുത്തിവെയ്പ് നടത്താത്തവരാണെങ്കില്‍, പൊതു അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ മുണ്ടിനീര് വാക്‌സിന്‍ എടുക്കാന്‍ ശ്രമിക്കുക. രോഗബാധിതര്‍ ധാരാളമായി വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മൃദുവായ ഭക്ഷണങ്ങള്‍ കഴിക്കുക. സിട്രസ് പഴങ്ങളും അസിഡിറ്റി ഉള്ള മറ്റ് ഭക്ഷണങ്ങളും ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.