ഇരുട്ടിനെ ഭയമോ? പേടിക്കേണ്ട, മാർഗമുണ്ട്

കുപ്പിയിലാക്കണോ ആ ഭൂതത്തെ? മാർഗമുണ്ട്!

aparna shaji| Last Modified ബുധന്‍, 5 ഏപ്രില്‍ 2017 (14:43 IST)
പ്രായം എത്രയായാലും എല്ലാവർക്കും പേടിയുണ്ടാകും. പ്രേത സിനിമകൾ കണ്ട് പേടിയ്ക്കുന്നത് നിങ്ങൾ കൊച്ചുകുട്ടി ആയതു കൊണ്ടല്ലല്ലോ?. ഉള്ളിന്റെ ഉള്ളിൽ ഭയമെന്ന വികാരം അടിഞ്ഞ് കിടക്കുന്നതു കൊണ്ടല്ലേ. അപ്പോൾ കുട്ടികളുടെ കാര്യം പറയണോ?. പരീക്ഷപേടി, പട്ടിയെ പേടി, പൂച്ച മാന്തുമോ എന്ന പേടി, ഇരുട്ടിനെ പേടി, അപരിചിതരെ പേടി... അങ്ങനെ നീളുന്നു.

കുട്ടികളുടെ ഇത്തരം പേടികളിൽ മുന്നിൽ നിൽക്കുന്നത് ഇരുട്ടിനോടുള്ള ഭയമാണ്. ലൈറ്റണച്ച് ഇരുളിന്റെ മടിയിൽ കിടന്നുറങ്ങാനാണ് നമുക്ക് താൽപര്യം. എന്നാൽ കുട്ടികൾക്ക് ഇരുട്ടിനെ ഭയമാണ്. അതുകൊണ്ടാണ് ഉറങ്ങുമ്പോൾ ലൈറ്റ് ഓൺ ആക്കി അവർ കിടക്കുന്നത്. വെളിച്ചം അണച്ചാൽ അപ്പോൾ കരയും. അതു കുഞ്ഞുമനസ്സിന്റെ പേടിയാണ്.

കുട്ടികളുടെ കണ്ണും കാതും മനസ്സും കൂടുതൽ ഉണർന്നിരിയ്ക്കുന്നത് ഇരുട്ടത്താണ്. അതുകൊണ്ട് തന്നെ, മായക്കാഴ്ചകളും ഇല്ലാത്ത ശബ്ദങ്ങളും ഇരുളിൽ നിന്ന് അവർ മെനഞ്ഞെടുക്കും. ഇരുളിന്റെ മറവിൽ നിശബ്ദതയിൽ ഓരോന്ന് ചിന്തിച്ച് കൂട്ടാതെ അവരെ പരിപാലിക്കാൻ അമ്മമാർക്കേ കഴിയൂ. ഉറക്കത്തിൽ പേടിച്ചലറി വിളിയ്ക്കാതിരിയ്ക്കാൻ ചെറിയ ഒരു ലൈറ്റ് മുറിയിൽ ഇടുക.

കുട്ടികളുടെ പേടിയേയും കുരുന്ന് നൊമ്പരങ്ങളെയുംകുഞ്ഞായിക്കാണാതെ അർഹിക്കുന്ന ഗൌരവത്തിൽ കാണണം. ലൈറ്റിന്റെ അഭാവത്തിൽ അവർ കിടക്കുന്ന മുറി, വേറെയേതൊ വിചിത്ര ലോകമല്ലെന്നും പകലിൽ അവർ കണ്ട് പരിചയിച്ച അതേ ചുവരുകളും വാതിലും ജനലുകളുമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തുക.

ലൈറ്റ് ഓണാക്കുകയും ഓഫാക്കുകയും ചെയ്ത് ഇരുട്ടിലും വെളിച്ചത്തിലും കാര്യങ്ങൾക്ക് മാറ്റമൊന്നും സംഭവിക്കുന്നില്ലെന്ന ഒരവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കണം. ലൈറ്റെല്ലാം ഓഫാക്കി പെട്ടെന്നവരെ ഇരുട്ടിൽ വിട്ടിട്ട് പോരരുത്.

കുട്ടികളുടെ പേടിയും ആശങ്കയും അകറ്റാനുള്ള മാർഗങ്ങൾ അവർ തന്നെ സാവകാശം കണ്ടെത്താൻ അവരെ പ്രോത്സാഹിപ്പിക്കുക. അച്ചനും അമ്മയും കുട്ടികളുടെ ഭീതി അകറ്റുന്ന അതിമാനുഷരാണെന്ന ധാരണയോ പ്രലോഭനമോ അവർക്ക് നൽകരുത്. ധൈര്യവും സുരക്ഷിത ബോധവും ആ കുഞ്ഞു മനസ്സുകളിൽ വളരട്ടെ.

ഇരുട്ടിനോടുള്ള ഭയം ഉപബോധ മനസ്സ് പുറപ്പെടുവിക്കുന്നതാണ്. അതും അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിന്. പക്ഷേ ഈ പേടി ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഒരുപോലെ വന്നാലോ? ഈ അവസ്ഥയാണ് ഇരുട്ടിനെ പേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :