രേണുക വേണു|
Last Modified ബുധന്‍, 14 ഫെബ്രുവരി 2024 (11:48 IST)
രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കാതിരുന്നാല്‍ അച്ചാറില്‍ പൂപ്പല്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അച്ചാറില്‍ പൂപ്പല്‍ പിടിക്കുന്നത് ഒഴിവാക്കാം. അച്ചാര്‍ ഇടേണ്ട വസ്തു നന്നായി കഴുകിയ ശേഷം മാത്രം പാകം ചെയ്യണം. അണുക്കളും ബാക്ടീരിയയും ഇല്ലാതാകാന്‍ ഇതിലൂടെ സഹായിക്കും. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് വേണം അച്ചാര്‍ പാകം ചെയ്യാന്‍. അച്ചാര്‍ ഇടേണ്ട വസ്തു വെയിലത്ത് വെച്ച് അല്‍പ്പം ഉണക്കിയെടുക്കുന്നതും നല്ലതാണ്.
അച്ചാര്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന മസാലക്കൂട്ടുകളുടെ കാര്യത്തിലും ശ്രദ്ധ വേണം. മസാലയിലെ ഈര്‍പ്പം മുഴുവനായും ഇല്ലാതാക്കണം. അതിനുവേണ്ടി മസാലക്കൂട്ട് എണ്ണയില്ലാതെ അല്‍പ്പനേരം ചൂടാക്കി എടുക്കുക. അച്ചാര്‍ ഉണ്ടാക്കുമ്പോള്‍ മുകളില്‍ പൊങ്ങി നില്‍ക്കുന്ന വിധത്തില്‍ വെളിച്ചെണ്ണ ഉണ്ടായിരിക്കണം. വെളിച്ചെണ്ണയുടെ അളവ് കുറഞ്ഞാല്‍ അച്ചാറില്‍ പെട്ടന്ന് പൂപ്പല്‍ വരും. നല്ലെണ്ണയാണ് അച്ചാര്‍ ഉണ്ടാക്കാന്‍ കൂടുതല്‍ അനുയോജ്യം.
ദിവസവും അച്ചാറിന്റെ പാത്രം നന്നായി ഇളക്കി സൂക്ഷിക്കുക. ഒരിക്കലും ഈര്‍പ്പം കയറാന്‍ സാധ്യതയുള്ള പാത്രങ്ങളില്‍ അച്ചാര്‍ സൂക്ഷിക്കരുത്. ഓരോ തവണ ഉപയോഗിച്ചു കഴിഞ്ഞാലും അച്ചാര്‍ കുപ്പി ഭദ്രമായി അടച്ചുവയ്ക്കുക. ഓരോ തവണയും ഉണങ്ങിയ സ്പൂണ്‍ കൊണ്ട് അച്ചാര്‍ എടുക്കണം. അച്ചാര്‍ ഒരിക്കലും ചൂടോടു കൂടി കുപ്പിയിലോ ഭരണിയിലോ ആക്കരുത്. അച്ചാര്‍ കുപ്പിയില്‍ സ്പൂണ്‍ ഇട്ട് അടച്ചുവയ്ക്കരുത്.