ഉറക്കം വരാത്ത രാത്രികള്‍ ഇനി വേണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ പിന്തുടരുക

ഉറക്കം വരാത്ത രാത്രികള്‍ ഇനി വേണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ പിന്തുടരുക

ചെന്നൈ| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2016 (15:31 IST)
ഉറങ്ങാന്‍ ഒരുപാട് ഇഷ്‌ടമാണെങ്കിലും ഉറക്കം വരാത്ത രാത്രികള്‍ ജീവിതത്തില്‍ ഉണ്ടാകും. കടുത്ത മാനസികസംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ആ രാത്രികളില്‍ ഉറക്കം കണ്ണുകളെ ഒന്ന് തഴുകിയിരുന്നെങ്കില്‍ എന്ന് നാം തീവ്രമായി ആഗ്രഹിച്ചിട്ടുണ്ടാകും. ഉറക്കം നഷ്‌ടമാകുന്ന രാത്രികള്‍ക്ക് ശേഷമുള്ള പകല്‍ തീര്‍ച്ചയായും അസ്വസ്ഥത നിറഞ്ഞത് ആയിരിക്കും. ചിലര്‍ക്ക് മാനസികപിരിമുറുക്കം
കൂടുതല്‍ ആയിരിക്കും. അതുകൊണ്ടു തന്നെ നന്നായി ഉറങ്ങുകയെന്നത് മാനസികമായും ശാരീരികമായുമുള്ള മികച്ച ആരോഗ്യത്തിന് അത്യാവശ്യമാണ്.

ഓരോ പ്രായത്തിലും ഉറങ്ങേണ്ടതിന്റെ അളവ് വ്യത്യസ്തമാണ്. ആരോഗ്യമുള്ള ശരീരവും മനസ്സും സ്വന്തമാക്കാന്‍ ഒരാള്‍ ഒരു ദിവസം എത്ര മണിക്കൂര്‍ ഉറങ്ങണം എന്നത് സംബന്ധിച്ച് ആരോഗ്യമേഖലയില്‍ ഉള്ളവര്‍ പലപ്പോഴും കണക്ക് തയ്യാറാക്കിയിട്ടുണ്ട്. നവജാതശിശുക്കള്‍ ദിവസം 14 മുതല്‍ 17 മണിക്കൂറുകള്‍ വരെ നിര്‍ബന്ധമായും ഉറങ്ങണമെന്നാണ് കണക്കുകള്‍. പ്രായം കൂടുന്നതിനനുസരിച്ച് ഉറക്കത്തിന്റെ സമയവും കുറച്ചു കൊണ്ടുവരാം.

ഓരോ ദിവസവുമുള്ള നമ്മുടെ ജോലിയും പ്രവര്‍ത്തനവുമെല്ലാം നമ്മുടെ ഉറക്കത്തെയും സ്വാധീനിക്കും. പ്രായപൂര്‍ത്തിയായ ആളുകള്‍ ഏഴു മുതല്‍ ഒമ്പതു മണിക്കൂര്‍ വരെ ഉറങ്ങണം. എന്നാല്‍, കൂടുതല്‍ സമയം ഉറങ്ങുന്നതിനായി കിടക്കയില്‍ ചെലവഴിക്കുന്നത് ശാരീരിക തളര്‍ച്ചയ്ക്കും വിഷാദരോഗം മുതലായ മാനസിക അസ്വാസ്ഥ്യങ്ങള്‍ക്കും കാരണമാകും.

എല്ലാദിവസവും കൃത്യസമയത്ത് ഉറങ്ങുന്നത് ശീലമാക്കുന്നത് ഉറക്കം കൂടുതല്‍ സുഖകരമാക്കാന്‍ സഹായിക്കും. ഉറക്കക്കുറവ് അനുഭവിക്കുന്ന ആളുകളില്‍ രക്തസമ്മര്‍ദ്ദത്തിനും ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കുമുള്ള സാധ്യത ഏറെയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ, പൊണ്ണത്തടി, പ്രമേഹം, വിഷാദരോഗം, മദ്യാസക്തി, വാഹനാപകടങ്ങള്‍ എന്നിവയ്ക്കും കാരണമാകും. ഉറക്കക്കുറവ് നമ്മുടെ മാനസികാവസ്ഥയെയും ശ്രദ്ധയെയും ബാധിക്കും.

ഇരുപത്തിയഞ്ചു വയസ്സിനു ശേഷമാണ് ഒരാളുടെ ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളും നടക്കുന്നത്. അതുകൊണ്ടു തന്നെ ഈ കാലഘട്ടത്തില്‍ ഉറക്കക്കുറവിന് സാധ്യത കൂടുതലാണ്. എന്നാല്‍, ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങാന്‍ ഈ കാലഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :