ബിയറോ? അയ്യയ്യോ കുടിക്കരുതേ... വൈനും അപകടകാരി തന്നെ...!

vishnu| Last Modified വ്യാഴം, 26 ഫെബ്രുവരി 2015 (18:41 IST)
കേരളത്തില്‍ ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ വീര്യം കൂടൊയ മദ്യങ്ങള്‍ ബാടുകളില്‍ കൂടി വില്‍ക്കുകയാണല്ലോ. പകരമായി ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുകയും ചെയ്തിരിക്കുന്നു. സ്ഥിരം കുടിയന്‍‌മാര്‍ കൈകൂട്ടീ തിരുമ്മി പ്രതിഷേധം രേഖപ്പെടുത്തുമ്പോള്‍ മദ്യപന്മാരുടെ കുടുംബം ആശ്വാസത്തോടെ ദീര്‍ഘ നിശ്വാസം വിടും. കുടുംബനാഥന്‍ ബിയര്‍ കഴിച്ച് വരുമ്പോള്‍ ഓ... അത് ബിയറലെ സാരമില്ല... അതാണ് ഈ നിശ്വാസത്തിന്റെ കാതല്‍. എന്നാല്‍ വീര്യം കൂടിയ മദ്യത്തിനേക്കാള്‍ നിരുപദ്രവകാരിയാണോ ബിയര്‍? അല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഒന്ന്, ബിയര്‍ മദ്യത്തെപ്പോലെ അപകടം ഇല്ലാത്തതാണ് എന്നത് ഏറ്റവും വലിയ തെറ്റിദ്ധാരണയാണെന്നാണ് ഈരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പറയുന്നത്. മറ്റേതൊരു ആല്‍ക്കഹോള്‍ അടങ്ങിയ ലഹരി പാനീയത്തെപ്പോലെ തന്നെ ബിയറും മാരമായ വിവിധ രോഗങ്ങള്‍ക്കും ശാരീരിക മാനസികപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നു തന്നെയാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ബിയര്‍ കഴിക്കുമ്പോഴും മദ്യം കഴിക്കുന്നതിനു തുല്യമായ അവസ്ഥ തന്നെയാണ് ഉണ്ടാകുന്നത്. അല്ലാതെ ഒരു വ്യത്യാസവും ഇല്ല. ശരീരത്തെ സംബന്ധിച്ചിടത്തോളം ആല്‍ക്കഹോള്‍, ആല്‍ക്കഹോള്‍ തന്നെയാണ്. അതു ബിയറിലൂടെ ആയാലും മദ്യത്തിലൂടെ ആയാലും ആരോഗ്യത്തിനു ഹാനികരവുമാണ്.

സാധാരണ ഒരു മദ്യപാനി വിസ്കിയോ ഒരു പെഗ് ഏതാണ്ട് 200- 250 മില്ലി ലീറ്റര്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചാണു കഴിക്കുന്നത്. അതായത് മുപ്പതു മില്ലിയെ 250 മില്ലി ലീറ്ററാക്കിയാണു കഴിക്കുന്നത്. 30 മില്ലി ബ്രാന്‍ഡിയില്‍ 12 മില്ലി (10 ഗ്രാം) ആല്‍ക്കഹോളാണ് അടങ്ങിയിരിക്കുന്നത്. അതേസമയം ഇതിനു പകരം ഒരു മദ്യപാനി 250 മില്ലി ലീറ്റര്‍ ബിയര്‍ കഴിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നു നോക്കണം. ബിയറിലെ ആല്‍ക്കഹോളിന്റെ അളവ് ആറുശതമാനം എന്ന് കണക്കാക്കിയാല്‍ 250 മില്ലി ലീറ്റര്‍ ബിയറില്‍ 15 മില്ലി (12 ഗ്രാം) ആല്‍ക്കഹോള്‍ ആണ് അടങ്ങിയിട്ടുള്ളത്. ആ നിലയ്ക്കു 30 മില്ലി മറ്റു മദ്യങ്ങള്‍ കഴിക്കുമ്പോള്‍ ഉള്ളില്‍ ചെല്ലുന്നതിനെക്കാള്‍ രണ്ടു ഗ്രാം കൂടുതല്‍ ല്‍ക്കഹോളായിരിക്കും ബിയര്‍ കുടിക്കുമ്പോള്‍ ഒരാളുടെ ശരീരത്തില്‍ എത്തുക.

അതിനാല്‍ മദ്യപാനം കൊണ്ട് ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ഒട്ടും കുറവ് ഉണ്ടാകുകയില്ല എന്നുമാത്ര്മല്ല ഉണ്ടാകാന്‍ പോകുന്നവ മാരകമായതായിരിക്കുകയും ചെയ്യും.
എല്ലാത്തരം ആല്‍ക്കഹോളിന്റെ കാര്യത്തിലും പൊതുവായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള ഒരു ദൂഷ്യഫലമാണ് ലൈംഗികശേഷിക്ക് കുറവുണ്ടാക്കുമെന്നത്. ആല്‍ക്കഹോളിന്റെ ഒരു പൊതുസ്വഭാവമെന്നതു ലൈംഗികആഗ്രഹം വര്‍ധിപ്പിക്കുകയും അതിനുള്ള ശേഷി കുറയ്ക്കുകയും ചെയ്യുന്നു എന്നതാണ്. ഇതു ബിയറിന്റെ കാര്യത്തിലും സംഭവിക്കും.

പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം ചെറിയ അളവില്‍ പോലും ആല്‍ക്കഹോള്‍ അപകടകരമാണ്. ആല്‍ക്കഹോള്‍ എന്നതു കാലറിയാണ്. കാലറി വര്‍ധിക്കുന്നതിന് അനുസരിച്ചു പ്രമേഹം രൂക്ഷമാകും. ഒരു റഗുലര്‍ ബിയറില്‍ 140-200 കാലറിയും ഒരു വൈറ്റ് ബിയറില്‍ 100 കാലറിയും ഉണ്ടെന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രമേഹത്തിനെതിരേ പൊരുതുന്ന ശരീരത്തിലേക്ക് ഇത്രയും കാലറി നേരിട്ടു കയറ്റിവിടുമ്പോള്‍ എന്താണു സംഭവിക്കുക എന്നത് ഊഹിക്കാവുന്നതാണ്. രണ്ട്- ആല്‍ക്കഹോള്‍ വിശപ്പു വര്‍ധിപ്പിക്കുന്നു അല്ലെങ്കില്‍ ഭക്ഷണത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ ഭക്ഷണം ആവശ്യമില്ലാത്തപ്പോഴും കണ്ണില്‍ കണ്ടതൊക്കെ വാരിവലിച്ചു തിന്നാല്‍ ഇതു കാരണമാകും. അമിതഭക്ഷണം കഴിക്കുന്നതോടെ വീണ്ടും കാലറി കൂടുകയും അതു ബ്ളഡ് ഷുഗര്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

ഇനി വൈനിന്റെ കാര്യം നോക്കം. മേല്‍പ്പറഞ്ഞ ബിയറിന്റെ കര്യം പറയുന്നതുപോലെ തന്നെ വൈനും അപകടകാരിയാണ്. കാരണം വൈനില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു എന്നതുതന്നെ. സ്ത്രീകളിലെയും പുരുഷന്മാരിലെയും വന്ധ്യതയ്ക്കു വലിയൊരളവുവരെ കാരണമായേക്കാം എന്നതാണു വൈനിനെ സംബന്ധിച്ചു ഞെട്ടിപ്പിക്കുന്ന അറിവ്. സ്ത്രീകള്‍ വൈന്‍ കൂടുതല്‍ കുടിച്ചാല്‍ അതു പ്രത്യുല്‍പാദനശേഷിയെ ബാധിക്കുകയും ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യാം. പുരുഷന്മാരില്‍ ഇത് ഉദ്ധാരണശേഷിക്കുറവ്, ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ കുറവ്, ബീജത്തിന്റെ ചലനശേഷിക്കുറവ് എന്നിവയ്ക്കും കാരണമാകാം. സ്ത്രീകളില്‍ പ്രത്യേകിച്ച് ആര്‍ത്തവവിരാമം സംഭവിച്ചവരില്‍ ആല്‍ക്കഹോള്‍ ഉപയോഗം സ്തനാര്‍ബുദമുണ്ടാക്കുന്നു എന്നാണ്. അതിനാല്‍ വൈനും അപകടകാരി തന്നെ.

പ്രമേഹരോഗികളും നിലവില്‍ മദ്യം കഴിച്ചു കരള്‍ കേടുവന്നിട്ടുള്ളവരും വൈന്‍ തൊടുക പോലും ചെയ്യരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നെഞ്ചെരിച്ചില്‍, അമിതരക്തസമ്മര്‍ദം, പൊണ്ണത്തടി, സ്ട്രോക്ക്, ഹൃദയപേശികളുടെ രക്തം പമ്പുചെയ്യാനുള്ള ശേഷി നഷ്ടപ്പെടുത്തുന്ന കാര്‍ഡിയോ മയോപ്പതി തുടങ്ങിയ വിവിധ രോഗങ്ങള്‍ക്കു വൈന്‍ കാരണമായേക്കും. വൈന്‍ പ്രത്യേകിച്ചും റെഡ് വൈന്‍ മൈഗ്രേന്‍ വര്‍ധിപ്പിക്കുമെന്നും പഠനറിപ്പോര്‍ട്ടുകളുണ്ട്.

ആദ്യം പറഞ്ഞതു പോലെ തന്നെ ശരീരത്തില്‍ ആല്‍ക്കഹോള്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇവ, ആല്‍ക്കഹോള്‍ ഇവയില്‍ ഇല്ലെങ്കില്‍ ഇത്തസ്രം പ്രശ്നങ്ങള്‍ ഉണ്ടാകുകയുമില്ല. എന്നാല്‍ കേരാളം കാത്തിരിക്കേണ്ടത് വലിയൊരു ദുരന്തവാര്‍ത്തയാണ് എന്നാണ് മദ്യ രംഗത്ത് ഗവേഷണം നടത്തുന്നവര്‍ പറയുന്നത്. സാധാരണ ബിയറുകളില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോള്‍ 4-6 ശതമാനമാണ്. എന്നാല്‍ ഇത് 40-45 ശതമാനമാക്കി ഉയര്‍ത്താനുള്ള സാങ്കേതികവിദ്യകള്‍ ഇപ്പോള്‍ സുലഭമാണ്. വ്യാജ ചാരായത്തിലെന്നപോലെ ബിയറിലും ദ്രവ്യന്മാരും സിദ്ധന്മാരും വാഷുകാരും താത്തമാരുമൊക്കെ ഇറങ്ങാനിരിക്കുന്നതേയുള്ളൂ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :