സ്റ്റാമിന കുറവാണെന്നോ....ബീറ്റ്റൂട്ട് സഹായിക്കും

WEBDUNIA|
PRO
PRO
മുപ്പത്തഞ്ചിനു മേലെ പ്രായവും അല്‍പ്പം കുടവയറുമായാല്‍ പിന്നെ മിക്കവര്‍ക്കും സ്റ്റാമിനയുടെ കാര്യം തഥൈവ ! രാവിലെ അല്‍പ്പം വ്യായാമമൊക്കെ ആവാമെന്ന് വച്ചാലോ മനസ്സറിഞ്ഞ് വ്യായാമം ചെയ്ത് തുടങ്ങുമ്പോഴേ കിതപ്പ് തുടങ്ങും. ഇനി ഇത്തരത്തില്‍ കുറയുന്നവര്‍ വിഷമിക്കേണ്ട എന്നാണ് ഒരു പഠനത്തില്‍ പറയുന്നത്.

എക്സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ചുവപ്പന്‍ ബീറ്റ്‌റൂട്ടും സ്റ്റാമിനയുമായുള്ള ബന്ധം വെളിപ്പെട്ടത്. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ചാല്‍ 16 ശതമാനം അധികം വ്യായാമം ചെയ്യാന്‍ സാധിക്കുമെന്നാണ് പഠനം നടത്തിയവര്‍ അവകാശപ്പെടുന്നത്.

അകത്തേക്ക് എടുക്കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കാന്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് സഹായിക്കുന്നു. ഇത് ക്ഷീണമില്ലാതെ വ്യായാമം ചെയ്യാനും സ്റ്റാമിന കൂടാനും സഹായകമാവുന്നു. ഇത്തരത്തില്‍ അകത്തേക്ക് എടുക്കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് പോലെ മറ്റൊന്നിനും ആവില്ല എന്നും ഗവേഷകര്‍ പറഞ്ഞുവയ്ക്കുന്നു.

പത്തൊമ്പതിനും മുപ്പത്തിയെട്ടിനും ഇടയിലുള്ള എട്ട് ആളുകളിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് കൊടുത്തും അല്ലാതെയും സൈക്കിള്‍ സവാരി അടക്കമുള്ള വിവിധ കായിക വ്യായാമങ്ങളില്‍ പങ്കാളികളാക്കിയുമാണ് നിരീക്ഷണം നടത്തിയത്. ആറ് ദിവസം അടുപ്പിച്ച് വ്യായാ‍മത്തിനു മുമ്പ് 500 മില്ലി ബീറ്റ്‌റൂട്ട് ജ്യൂസ് വീതം കൊടുത്ത ശേഷം നടത്തിയ പരീക്ഷണങ്ങളിലാണ് സ്റ്റാമിന വര്‍ദ്ധിച്ചതായി കണ്ടത്.

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ച ശേഷം സംഘത്തിന് 11.25 മിനിറ്റ് കിതപ്പില്ലാതെ സൈക്കിള്‍ സവാരി നടത്താനായി. ഇത് മറ്റ് സാഹചര്യത്തില്‍ സൈക്കിള്‍ സവാരി നടത്തിയതിനെക്കാള്‍ 92 സെക്കന്‍ഡ് അധികമായിരുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ച ശേഷം നിശ്ചിത ദൂരം താണ്ടാന്‍ മറ്റ് സാഹചര്യത്തെക്കാള്‍ രണ്ട് ശതമാനം കുറവ് സമയം മാത്രമേ എടുത്തുള്ളൂ എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചവര്‍ക്ക് രക്തസമ്മര്‍ദ്ദ തോത് താഴ്ന്ന നിലയിലായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു.

ബീറ്റ്‌‌റൂട്ടിലെ നൈട്രേറ്റ് എപ്രകാരമാണ് ഓക്സിജന്‍ ആവശ്യകത കുറയ്ക്കുന്നത് എന്ന് ഗവേഷകര്‍ക്ക് വ്യക്തമായിട്ടില്ല. എന്നാല്‍, നൈട്രേറ്റ് നൈട്രിക് ഓക്സൈഡായി മാറുന്നതാണ് ഇതിനു സഹായകമാവുന്നത് എന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :