നേരം വെളുത്തിട്ടും കിടക്കയില്‍ നിന്നെണീക്കാന്‍ മടിയുണ്ടോ നിങ്ങള്‍ക്ക്? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. കൂടുതല്‍ നേരം ഉറങ്ങുന്നത് ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
ഉറക്കവും ആരോഗ്യ പ്രശ്നങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമാണ് പുതിയ പഠനസംഘത്തിന് കണ്ടെത്താനായത്. ഉറങ്ങുമ്പോള്‍ നമ്മുടെ കോശങ്ങള്‍ പുനരുദ്പാദിക്കപ്പെടുകയും വിഷാംശങ്ങള്‍ പുറന്തള്ളുകയും തല്‍ഫലമായി കോശങ്ങളുടെ പ്രതിരോധ ശേഷി ഉയര്‍ത്തുകയും ചെയ്യും.
കോശങ്ങളുടെ പ്രതിരോധ ശേഷി ഉയരുന്നതോടെ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും. ഇത് ആരോഗമുള്ള ശരീരം പ്രദാനം ചെയ്യും. അതേസമയം തന്നെ, മോശം ആരോഗ്യത്തിന്റെ ഒരു പ്രധാന കാരണം ഉറക്കക്കുറവകാമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. കുറഞ്ഞ ഉറക്കം രക്തത്തിലെ കൊഴുപ്പ്, കൊളസ്ട്രോള്‍, കോര്‍ട്ടിസോള്‍, രക്ത സമ്മര്‍ദ്ദം എന്നിവ ഉയര്‍ത്തുകയും ഇത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാം.
ഉറക്കക്കുറവ് തലച്ചോറിന്റെ കഴിവിനേയും ബുദ്ധിയേയും പ്രതികൂലമായി ബാധിക്കുമെന്നും പോര്‍ട്ട്ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്താനായി. ഉറക്കമൊഴിച്ച് പഠിച്ചതുകൊണ്ട് നന്നായി പരീക്ഷയെഴുതാനാകില്ലെന്ന് ചുരുക്കം.
നൂറ് വയസ്സിനോടടുത്ത മിക്ക ആളുകളും തങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും ശരാശരി പത്ത് മണിക്കൂറെങ്കിലും ഉറങ്ങിക്കാണുമെന്നാണ് പഠന സംഘത്തിലെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.