'ലാല്‍‌നായിക’ തിരിച്ചെത്തുന്നു, പൃഥ്വിയുടെ നായികയാവാന്‍!

WEBDUNIA|
PRO
‘ഫ്ലാഷ്’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ നായിക പാര്‍വതി മേനോന്‍ ഇപ്പോള്‍ എവിടെയാണ്? സിബി മലയില്‍ സംവിധാനം ചെയ്ത ആ സിനിമയുടെ പരാജയത്തിനു ശേഷം പാര്‍വതിയെ മലയാളത്തില്‍ കണ്ടിട്ടില്ല. അന്ന് മലയാളം ഉപേക്ഷിച്ച് പോയ പാര്‍വതി തമിഴിലും കന്നഡയിലും ഭാഗ്യം പരീക്ഷിക്കുകയായിരുന്നു.

തമിഴില്‍ ശ്രീകാന്തിന്‍റെ നായികയായി ‘പൂ’, കന്നഡയില്‍ പുനീത് രാജ്കുമാറിനൊപ്പം ‘പൃഥ്വി’ എന്നീ വന്‍ ഹിറ്റുകള്‍ സമ്മാനിച്ചതോടെ അവിടങ്ങളില്‍ തിരക്കേറിയ പാര്‍വതി ഇപ്പോഴിതാ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് നായകനാകുന്ന ‘ജം‌ഗ്ഷന്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതിയുടെ രണ്ടാം വരവ്.

ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ജംഗ്ഷനില്‍ പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും നായകതുല്യമായ വേഷത്തിലെത്തുന്നു. ഈ ചിത്രത്തിന് ആദ്യം ‘സിറ്റ് ഓഫ് ഗോഡ്’ എന്നായിരുന്നു പേരിട്ടത്. എന്നാല്‍ പിന്നീട് ജംഗ്ഷന്‍ എന്ന പേര് നിശ്ചയിക്കുകയായിരുന്നു.

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി മേനോന്‍ സിനിമയിലെത്തുന്നത്. പിന്നീട് റോഷന്‍ ആന്‍ഡ്രൂസിന്‍റെ നോട്ടുബുക്കില്‍ ഒരു നായികയായി. വിനോദയാത്രയിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ മോഹന്‍ലാലിന്‍റെ നായികയായി ഏറെ പ്രതീക്ഷയോടെ അഭിനയിച്ച ‘ഫ്ലാഷ്’ ബോക്സോഫീസ് ദുരന്തമായതോടെ പാര്‍വതി മലയാളം വിട്ട് അന്യഭാഷകളില്‍ ചേക്കേറുകയായിരുന്നു.

എന്തായാലും പാര്‍വതിയുടെ തിരിച്ചുവരവ് നായികാക്ഷാമം അനുഭവിക്കുന്ന മലയാളസിനിമയ്ക്ക് ഒരാശ്വാസമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :